തിരുവനന്തപുരം ആറ്റുകാലിൽ 27 കാരിയായ ആരതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അതുലിനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. മജിസ്ട്രേറ്റിന് മുൻപാകെ ഹാജരാക്കിയ പ്രതിയെ തുടർന്ന് ജില്ലാ ജയിലിലേക്ക് മാറ്റി.
ആത്മഹത്യാ പ്രേരണാ കുറ്റവും ഗാർഹിക പീഡന നിരോധന നിയമത്തിലെ വിവിധ വകുപ്പുകളുമാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. സംഭവത്തിൽ ആരതി നേരിട്ട
ക്രൂരമായ പീഡനങ്ങളുടെ വിവരങ്ങൾ പുറത്തുവരികയാണ്. ഭർത്താവിൽ നിന്ന് തുടർച്ചയായി ശാരീരിക മർദ്ദനമേറ്റിരുന്നതായി വ്യക്തമാക്കുന്ന ആത്മഹത്യാ കുറിപ്പും ചാറ്റ് സന്ദേശങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചു.
ആരതിയുടെ ശരീരത്തിൽ പഴയതും പുതിയതുമായ 17 മുറിവുകൾ കണ്ടെത്തിയത് പീഡനത്തിന്റെ ആഴം വ്യക്തമാക്കുന്നു. വിവാഹ ശേഷം മൂന്ന് മാസത്തിനുള്ളിൽ തന്നെ അതുൽ ആരതിയെ ഉപദ്രവിച്ചു തുടങ്ങിയെന്ന് കുടുംബം ആരോപിക്കുന്നു.
തന്റെ ദുരവസ്ഥ സംബന്ധിച്ച് ആരതി അമ്മയ്ക്ക് അയച്ച വാട്സാപ്പ് ചാറ്റുകളിൽ മർദ്ദനമേറ്റതിന്റെ ചിത്രങ്ങളും ഉൾപ്പെടുത്തിയിരുന്നു. മകളുടെ സ്വർണ്ണവും പണവും അതുൽ സ്വന്തം ആവശ്യങ്ങൾക്കായി വിനിയോഗിച്ചതായും, ഭർത്താവിന്റെ സാമ്പത്തിക ബാധ്യതകളെ ചൊല്ലി ഇരുവരും തമ്മിൽ നിരന്തരം തർക്കങ്ങൾ നടന്നിരുന്നതായും ബന്ധുക്കൾ പറയുന്നു.
മറ്റൊരു പെൺകുട്ടിയുമായുള്ള ബന്ധവും തർക്കങ്ങൾക്ക് കാരണമായിരുന്നു. അതുലിന്റെ മാതാപിതാക്കൾക്ക് മർദ്ദനത്തെ കുറിച്ചും സാമ്പത്തിക ഇടപാടുകളെ കുറിച്ചും അറിവുണ്ടായിരുന്നുവെന്ന് ആരതിയുടെ അമ്മ വെളിപ്പെടുത്തി.
എന്നാൽ, ഈ ആരോപണങ്ങൾ അതുലിന്റെ കുടുംബം നിഷേധിച്ചു. വാഹനം വാങ്ങാനാണ് സ്വർണ്ണം പണയം വെച്ചതെന്നാണ് അതുലിന്റെ അച്ഛന്റെ വാദം.
വർക്കല സ്വദേശിനിയായ ആരതിയും കല്ലറ സ്വദേശിയായ അതുലും ഒന്നര വർഷം മുൻപാണ് വിവാഹിതരായത്. ആറ് മാസം മുൻപാണ് ഇവർ ആറ്റുകാലിലെ വാടക വീട്ടിലേക്ക് താമസം മാറിയത്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക.
മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക.
ടോൾ ഫ്രീ നമ്പർ: 1056, 0471-2552056)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

