കൊടുവള്ളി നഗരത്തിന്റെ ഭാഗമായി കഴിഞ്ഞ ഇരുപത്തിയാറ് വർഷങ്ങളായി ജീവിച്ച തമിഴ്നാട് സേലം സ്വദേശി പളനി സ്വാമി അതീവ ദുഃഖത്തോടെ തന്റെ ജന്മനാട്ടിലേക്ക് മടങ്ങി. ഉപജീവനത്തിനായി ആശ്രയിച്ചിരുന്ന വഴിയോരക്കച്ചവടം നിർത്തേണ്ടി വന്ന സാഹചര്യത്തിലാണ് ഇദ്ദേഹം ഇങ്ങനെയൊരു തീരുമാനമെടുത്തത്.
തിരികെ വരാൻ കഴിയുമോ എന്ന ഉറപ്പില്ലാതെയായിരുന്നു ഈ മടക്കയാത്ര. കൊടുവള്ളി–കിഴക്കോത്ത് റോഡിൽ പൂളപ്പൊരിക്കച്ചവടം നടത്തി ഉപജീവനം കണ്ടെത്തിയിരുന്ന വ്യക്തിയാണ് പളനി സ്വാമി.
നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന്റെ ഭാഗമായി കിഴക്കോത്ത് റോഡിന്റെ തുടക്കത്തിലുള്ള മൂന്ന് വൻ മരങ്ങൾ മുറിച്ചുമാറ്റി റോഡ് വീതികൂട്ടാൻ നഗരസഭാധികൃതർ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി വഴിയോരക്കച്ചവടം അവിടെനിന്ന് മാറ്റാൻ അധികൃതർ നിർദ്ദേശം നൽകുകയായിരുന്നു.
തുടർന്ന് സമീപത്തെ മറ്റൊരു സ്ഥലത്ത് കച്ചവടം പുനരാരംഭിച്ചെങ്കിലും, അവിടെ ബസ് സ്റ്റോപ്പ് അനുവദിച്ചതോടെ ആ സ്ഥലവും ഒഴിയേണ്ടി വന്നു. സേലം ജില്ലയിലെ ധർമപുരി ആയാമരത്തുപ്പെട്ടി ഗ്രാമത്തിൽ നിന്ന് 2000-ലാണ് പളനി സ്വാമി കൊടുവള്ളിയിലെത്തിയത്.
ചരിത്രത്തിൽ ബിരുദം നേടിയ ശേഷവും തൊഴിൽ ലഭിക്കാത്ത സാഹചര്യത്തിലാണ് ബന്ധുവായ സുബ്രഹ്മണ്യന്റെ സഹായത്തോടെ അദ്ദേഹം കേരളത്തിലേക്ക് എത്തിയത്. ഭാര്യയും മൂന്ന് മക്കളുമടങ്ങുന്ന തന്റെ കുടുംബത്തെ പുലർത്താൻ കൊടുവള്ളിയിലെ കച്ചവടം വലിയൊരു ആശ്വാസമായിരുന്നു.
എന്നാൽ ഇപ്പോഴത്തെ പ്രതിസന്ധി മൂലം മക്കളുടെ പഠനം പോലും വഴിമുട്ടിയ അവസ്ഥയിലാണെന്ന് അദ്ദേഹം പറയുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

