കൊല്ലം ജില്ലയിലെ **കരീപ്ര**യിൽ മദ്യപിക്കാൻ ഗ്ലാസ് നൽകാൻ വിസമ്മതിച്ചതിനെ തുടർന്നുണ്ടായ മർദനത്തിലും, തുടർന്ന് പൊലീസ് സ്വീകരിച്ച നിസ്സംഗതയിലും മനംനൊന്ത് വയോധികനായ വ്യാപാരി ജീവനൊടുക്കി. നെടുമൺകാവ് ബവ്റിജസ് വിൽപനശാലയ്ക്ക് സമീപം ബേക്കറി നടത്തിവന്ന **വാമദേവൻ (74)** ആണ് മരിച്ചത്.
**ജൂൺ 26** വ്യാഴാഴ്ച ഉച്ചയോടെയാണ് ഇദ്ദേഹത്തെ വീടിന്റെ മുകളിൽ ഷീറ്റ് മേഞ്ഞ മേൽക്കൂരയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തെക്കുറിച്ച് വ്യക്തമാക്കുന്ന ആത്മഹത്യാക്കുറിപ്പ് ഇദ്ദേഹം എഴുതിവെച്ചിരുന്നു.
**ജൂൺ 21** വൈകിട്ട് ആറിനായിരുന്നു വാമദേവന് നേരെ അക്രമം നടന്നത്. കടയിലെത്തിയ അഞ്ചംഗ സംഘം വെള്ളം വാങ്ങിയ ശേഷം മദ്യപിക്കാൻ ഗ്ലാസ് ആവശ്യപ്പെടുകയായിരുന്നു.
ഇതിന് വിസമ്മതിച്ചതോടെ അക്രമികൾ തന്നെ ചവിട്ടിവീഴ്ത്തുകയും മർദിക്കുകയും ചെയ്തതായി കുറിപ്പിൽ പറയുന്നു. സംഭവത്തിന് ശേഷം **കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ** വാമദേവൻ ചികിത്സ തേടിയിരുന്നു.
ആശുപത്രിയിൽ നിന്ന് വിവരം ലഭിച്ചതനുസരിച്ച് എഴുകോൺ പൊലീസിനെ സമീപിച്ചെങ്കിലും നീതി ലഭിച്ചില്ലെന്ന് വാമദേവൻ കുറിപ്പിൽ വ്യക്തമാക്കി. മൂന്ന് തവണ സ്റ്റേഷനിൽ കയറിയിറങ്ങിയെങ്കിലും ഉദ്യോഗസ്ഥർ “നാളെ വാ” എന്ന് പറഞ്ഞ് മടക്കി അയക്കുകയായിരുന്നു.
കടുത്ത വേദന അനുഭവിക്കുന്നതായും മരണമല്ലാതെ മറ്റു മാർഗങ്ങളില്ലെന്നും അദ്ദേഹം കുറിപ്പിൽ രേഖപ്പെടുത്തിയിരുന്നു. **രാധ**യാണ് ഭാര്യ.
ഗീതാഞ്ജലി, ഗിരീഷ് എന്നിവർ മക്കളും, ചന്ദ്രൻ, ഷാനി എന്നിവർ മരുമക്കളുമാണ്. അതേസമയം, സംഭവത്തിൽ വിശദീകരണവുമായി എഴുകോൺ പൊലീസ് രംഗത്തെത്തി.
വാമദേവൻ സ്റ്റേഷനിൽ വന്നിരുന്നെങ്കിലും രേഖാമൂലം പരാതി നൽകിയിരുന്നില്ലെന്ന് പൊലീസ് അവകാശപ്പെടുന്നു. എന്നാൽ, ആശുപത്രിയിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ മർദിച്ചവർക്കെതിരെ അന്വേഷണം നടക്കുന്നുണ്ടെന്നാണ് അധികൃതരുടെ നിലപാട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

