സാമ്പത്തിക പ്രതിസന്ധിയും പാപ്പരത്ത നടപടികളും നേരിടുന്ന വിദ്യാഭ്യാസ സാങ്കേതിക കമ്പനിയായ ബൈജൂസ് നിർണായകമായൊരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. കമ്പനിക്കെതിരെ നിലനിൽക്കുന്ന നിയമനടപടികൾ പൂർണ്ണമായും അവസാനിപ്പിക്കാമെന്ന വാഗ്ദാനവുമായി അമേരിക്കൻ വായ്പാദാതാക്കൾ രംഗത്തെത്തി.
ബൈജൂസിനും മണിപ്പാൽ എഡ്യുക്കേഷനൽ ഗ്രൂപ്പിനും പ്രധാന പങ്കാളിത്തമുള്ള വിദ്യാഭ്യാസ സ്ഥാപനമായ ആകാശ് എഡ്യുക്കേഷനൽ സർവീസസിലെ 30 ശതമാനം ഓഹരി വിട്ടുനൽകിയാൽ കേസ് ഒത്തുതീർപ്പാക്കാമെന്നാണ് വായ്പാദാതാക്കളുടെ ഉപാധി. മലയാളിയായ ബൈജു രവീന്ദ്രൻ സ്ഥാപിച്ച ഓൺലൈൻ വിദ്യാഭ്യാസ സംരംഭമാണ് ബൈജൂസ്.
തിങ്ക് ആൻഡ് ലേൺ എന്ന മാതൃകമ്പനിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനം കോവിഡ് കാലഘട്ടത്തിൽ വൻ വളർച്ച രേഖപ്പെടുത്തുകയും ഇരുപതിലേറെ രാജ്യങ്ങളിൽ സാന്നിധ്യം അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ 2023 മുതൽ വായ്പാദാതാക്കളുമായി ഉടലെടുത്ത തർക്കങ്ങൾ കമ്പനിക്ക് തിരിച്ചടിയായി.
ഗ്ലാസ് ട്രസ്റ്റിന്റെ നേതൃത്വത്തിലുള്ള യുഎസ് വായ്പാദാതാക്കൾ 100 കോടി ഡോളർ (ഏകദേശം 10,000 കോടി രൂപ) തിരിച്ചടയ്ക്കുന്നതിൽ വീഴ്ച വരുത്തിയെന്ന് ആരോപിച്ചാണ് നിയമനടപടികൾ ആരംഭിച്ചത്. ഇന്ത്യ, യുഎസ്, സിംഗപ്പൂർ എന്നിവിടങ്ങളിലായി നിലനിൽക്കുന്ന ഈ കേസുകളിൽ പാപ്പരത്ത നടപടികളാണ് കമ്പനി നേരിടുന്നത്.
നിലവിലെ സാഹചര്യത്തിൽ ബൈജൂസിന്റെ വിപണി മൂല്യം പൂജ്യത്തിലേക്ക് ഇടിഞ്ഞിട്ടുണ്ടെന്നാണ് വിലയിരുത്തൽ. 2021-ൽ 100 കോടി ഡോളർ മുടക്കിയാണ് ബൈജൂസ് ആകാശ് എഡ്യുക്കേഷനെ ഏറ്റെടുത്തത്.
പിന്നീട് മണിപ്പാൽ ഗ്രൂപ്പ് കൂടി ഓഹരി പങ്കാളിത്തവുമായി എത്തിയതോടെ ഈ സ്ഥാപനത്തിന്റെ മൂല്യം 200 കോടി ഡോളറായി ഉയർന്നു. ഇന്ത്യയിലുടനീളം 300-ഓളം കേന്ദ്രങ്ങളും 5,000-ത്തിലധികം അധ്യാപകരുമാണ് നിലവിൽ ആകാശിനുള്ളത്.
ഈ നിർദ്ദേശത്തോട് ബൈജൂസ് അധികൃതരോ ആകാശ് മാനേജ്മെന്റോ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഗ്ലാസ് ട്രസ്റ്റ്, മണിപ്പാൽ ഗ്രൂപ്പ് എന്നിവരും വിഷയത്തിൽ ഔദ്യോഗിക നിലപാട് വ്യക്തമാക്കിയിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

