കുഴൽമന്ദം ചിതലിയിൽ വാടകയ്ക്ക് താമസിക്കുന്ന കുടുംബത്തിലെ പെൺകുട്ടിയെ കാണാതായ സംഭവത്തിൽ, നാട്ടുകാരുടെയും പൊലീസിന്റെയും സമയോചിതമായ ഇടപെടലിനെത്തുടർന്ന് വിദ്യാർഥിനിയെ സുരക്ഷിതമായി കണ്ടെത്തി. ഇന്നലെ രാവിലെയായിരുന്നു സംഭവം.
വീട്ടിൽ സഹോദരിമാരായ ഏഴാം ക്ലാസ് വിദ്യാർഥിനിയും ആറ് വയസ്സുകാരിയും തമ്മിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനെച്ചൊല്ലി തർക്കമുണ്ടായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട
അമ്മ, മൂത്ത കുട്ടിയെ ശകാരിക്കുകയും ഫോൺ വാങ്ങി മാറ്റി വെക്കുകയും ചെയ്തു. ഈ നടപടിയിൽ പ്രകോപിതയായ കുട്ടി, അമ്മ അടുക്കളയിൽ പാചകത്തിരക്കിലായിരുന്ന സമയത്ത് വീടുവിട്ട് പുറത്തിറങ്ങുകയായിരുന്നു.
കുട്ടിയെ കാണാനില്ലെന്ന് മനസ്സിലാക്കിയ ഉടൻ മാതാവ് പരിസരവാസികളെ വിവരമറിയിക്കുകയും നാട്ടുകാരുടെ സഹായത്തോടെ തിരച്ചിൽ ആരംഭിക്കുകയും ചെയ്തു. ഇതിനിടെ **കുഴൽമന്ദം** പൊലീസിൽ പരാതിയും നൽകി.
സർക്കിൾ ഇൻസ്പെക്ടർ വി.പ്രതാപ്കുമാറിന്റെ നേതൃത്വത്തിൽ എഎസ്ഐമാരായ വി.പ്രശാന്ത്, എസ്.സൗജത്ത്, സിപിഒമാരായ സി.എൻ.ബിജു, ബി.പ്രഭു, എം.ചിഞ്ചു, എസ്.ജോസ് എന്നിവരടങ്ങുന്ന സംഘം കേസ് ഏറ്റെടുത്ത് അന്വേഷണം തുടങ്ങി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും കുട്ടി റോഡിലൂടെ നടന്നുപോകുന്നതായി കണ്ടെത്തി.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ, കുട്ടി തന്റെ സുഹൃത്തിന്റെ വീട്ടിലെത്തിയിരുന്നുവെന്നും, അവിടെ നിന്നും അമ്മയുടെ തത്തമംഗലത്തെ വീട്ടിലേക്ക് പോകുന്നു എന്ന് പറഞ്ഞ് ഏകദേശം 20 മിനിറ്റിനു മുൻപ് ഇറങ്ങിയതായും വിവരം ലഭിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ വണ്ടിത്താവളം റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിൽ കുട്ടി കയറിയതായി സ്ഥിരീകരിച്ചു.
പൊലീസ് സംഘം ബസ് ജീവനക്കാരുമായി ബന്ധപ്പെടുകയും, ഉച്ചയോടെ തേങ്കുറിശ്ശി പന്തയ്ക്കൽമേട്ടിൽ വെച്ച് കുട്ടിയെ ബസിൽ നിന്നും കണ്ടെത്തുകയുമായിരുന്നു. കുഴൽമന്ദം പൊലീസ് സ്റ്റേഷനിൽ എത്തിച്ച കുട്ടിയെ പിന്നീട് രക്ഷിതാക്കൾക്കൊപ്പം വിട്ടയച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

