തിരുവനന്തപുരം ആറ്റുകാലിലെ വാടകവീട്ടില്‍ ഇരുപത്തിയേഴുകാരിയായ ആരതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കള്‍. ഭര്‍ത്താവ് അതുല്‍ ശാരീരികമായി ഉപദ്രവിക്കുന്നതിന്റെ ചിത്രങ്ങള്‍ അമ്മയ്ക്ക് അയച്ചു നല്‍കിയതിന് പിന്നാലെയാണ് യുവതി ആത്മഹത്യ ചെയ്തത്.
സംഭവത്തില്‍ ഫോര്‍ട്ട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിന്റെ പശ്ചാത്തലം
ഇന്നലെ രാത്രി വാടകവീട്ടില്‍ വച്ച് ആരതിയും അതുലും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു.
ഇതിനുശേഷം അതുല്‍ വീടിനു പുറത്തു നില്‍ക്കുമ്പോഴാണ് യുവതി ജീവനൊടുക്കിയത് എന്നാണ് പ്രാഥമിക നിഗമനം. അതുല്‍ തന്നെ തന്റെ സുഹൃത്തിനെയും പിന്നീട് പൊലീസിനെയും വിളിച്ച് വിവരം അറിയിക്കുകയായിരുന്നു.
സ്ഥലത്തെത്തിയ പൊലീസ് വാതില്‍ തകര്‍ത്ത് അകത്തു കടന്നപ്പോഴാണ് ആരതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മരിക്കുന്നതിന് മുന്‍പ് ആരതി എഴുതിയ ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
ഇന്നലെ വൈകിട്ട് അഞ്ചേമുക്കാലിന് ആരതി അമ്മയെ ഫോണില്‍ വിളിച്ച് കുടുംബപ്രശ്നങ്ങളെക്കുറിച്ച് സംസാരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഭര്‍തൃപീഡനം ആരോപിച്ച് ആരതിയുടെ അമ്മ ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
ആരോപണങ്ങൾ ഇങ്ങനെ
ഒന്നരവര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹം. അമ്പത് പവനോളം സ്വര്‍ണം സ്ത്രീധനമായി നല്‍കിയിരുന്നുവെന്നും, ഈ സ്വര്‍ണം അതുല്‍ പണയം വച്ചുവെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.
സ്വര്‍ണം വിറ്റ തുക ഉപയോഗിച്ച് അതുല്‍ അടുത്തിടെ ഒരു വാഹനം വാങ്ങിയിരുന്നു. ഇതിനുപുറമെ കൂടുതല്‍ പണം ആവശ്യപ്പെട്ട് നിരന്തരം വഴക്കുണ്ടാക്കാറുണ്ടായിരുന്നെന്നും അതുലിന് മറ്റു പെണ്‍കുട്ടികളുമായി ബന്ധമുണ്ടായിരുന്നതും ദാമ്പത്യത്തില്‍ പ്രശ്നങ്ങള്‍ക്ക് കാരണമായെന്നും ബന്ധുക്കള്‍ വ്യക്തമാക്കി.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക.
ഹെൽപ്ലൈൻ നമ്പരുകൾ – 1056, 0471- 2552056)

