നിയമസഭയിൽ അംഗങ്ങൾ എഴുന്നേറ്റുനിന്ന് നടത്തുന്ന പരാമർശങ്ങൾ മാത്രമേ ഔദ്യോഗിക സഭാ രേഖകളുടെ ഭാഗമാകൂ എന്ന് സ്പീക്കർ വ്യക്തമാക്കി. സഭയിൽ ഇരുന്നു പറയുന്ന കാര്യങ്ങൾ ‘ഓഫ് ദ് റെക്കോർഡ്’ ആയി മാത്രമേ കണക്കാക്കുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചമ്പക്കുളം മൂലം വള്ളംകളിയുമായി ബന്ധപ്പെട്ട് കുട്ടനാട് താലൂക്കിന് പ്രാദേശിക അവധി അനുവദിക്കണമെന്ന വിഷയത്തിൽ മുഖ്യമന്ത്രിയുടെ പ്രതികരണത്തെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു സ്പീക്കർ. കുട്ടനാട് എംഎൽഎ റെജി ചെറിയാൻ അവതരിപ്പിച്ച സബ്മിഷന് മുഖ്യമന്ത്രി വി.ഡി.
സതീശൻ നൽകിയ മറുപടിയെത്തുടർന്നാണ് വിവാദങ്ങൾ ഉടലെടുത്തത്. സബ്മിഷന് മറുപടി നൽകിയ ശേഷം സീറ്റിലേക്ക് തിരികെയിരുന്ന മുഖ്യമന്ത്രി, മന്ത്രി പി.കെ.
കുഞ്ഞാലിക്കുട്ടിയോട് “ഒരു കാരണവശാലും അവധി കൊടുക്കില്ല” എന്ന് പറയുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതാണ് വിവാദങ്ങൾക്ക് വഴിവെച്ചത്.
മുഖ്യമന്ത്രി നെഗറ്റീവ് ആയ വ്യക്തിയല്ലെന്നും സ്പീക്കർ അഭിപ്രായപ്പെട്ടു. അതേസമയം, നിയമസഭയിൽ മുഖ്യമന്ത്രി ഔദ്യോഗികമായി നൽകിയ മറുപടി ഇപ്രകാരമാണ്: “മൂലം വള്ളംകളിക്കു മുൻവർഷങ്ങളിൽ അവധി നൽകിയിരുന്നില്ല.
വിശേഷദിവസങ്ങളിൽ പ്രാദേശികമായി അവധി കലക്ടർമാർക്കു പരിഗണിക്കാവുന്നവയുടെ പട്ടികയിലും മൂലം വള്ളംകളിയില്ല. പൊതു അവധികളും പ്രാദേശിക അവധികളും പുതുതായി വേണ്ടെന്നാണു പൊതുവായി സ്വീകരിച്ചിരുന്ന നിലപാട്.
അതുകൊണ്ടും ഇത്തരത്തിൽ അവധികൾ അനുവദിച്ചിരുന്നില്ല. മൂലം വള്ളംകളിക്ക് കുട്ടനാട് താലൂക്കിന് അവധി അനുവദിക്കുന്ന കാര്യം സർക്കാർ പരിശോധിച്ചു തീരുമാനിക്കും”.
ഈ മറുപടി നൽകിയ ശേഷം സീറ്റിലിരുന്ന് നടത്തിയ പരാമർശമാണ് പിന്നീട് ചർച്ചയായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

