അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട ഭൂമി ഇടപാടുകളിലും സാമ്പത്തിക കാര്യങ്ങളിലും ഉയർന്നുവന്ന ആരോപണങ്ങളിൽ ആർഎസ്എസ് നേതൃത്വം അതൃപ്തി രേഖപ്പെടുത്തിയതായി റിപ്പോർട്ട്.
18, 19 തീയതികളിൽ ഹരിദ്വാറിൽ നടന്ന വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) ബൈഠക്കിനിടെയാണ് വിഷയത്തിൽ ഉന്നതതല ഇടപെടൽ ഉണ്ടായത്. ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായി, ട്രസ്റ്റി അനിൽ മിശ്ര എന്നിവരുമായി ആർഎസ്എസ് സർകാര്യവാഹ് ദത്താത്രേയ ഹൊസബലേ കൂടിക്കാഴ്ച നടത്തിയിരുന്നു.
ഈ ചർച്ചയിൽ ഉയർന്നു വന്ന സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളിൽ അദ്ദേഹം അതൃപ്തി അറിയിക്കുകയും, സംഭാവനകളുമായി ബന്ധപ്പെട്ട കണക്കുകളിൽ കൃത്യമായ വിശദീകരണം തേടുകയും ചെയ്തു.
നിലവിലെ സാഹചര്യത്തിൽ ഇരുവരും തൽസ്ഥാനങ്ങളിൽ തുടരുന്നത് ഉചിതമല്ലെന്ന നിലപാട് ബൈഠക്കിൽ പങ്കെടുത്ത ആർഎസ്എസ്, വിഎച്ച്പി നേതാക്കൾ വ്യക്തമാക്കിയതായാണ് വിവരം. അതേസമയം, ക്ഷേത്ര ട്രസ്റ്റ് പിരിച്ചുവിടണമെന്ന ആവശ്യത്തെ വിഎച്ച്പി ശക്തമായി എതിർത്തു.
ട്രസ്റ്റ് പിരിച്ചുവിടുന്ന നടപടി അംഗീകരിക്കില്ലെന്ന് വിഎച്ച്പി വർക്കിംഗ് പ്രസിഡൻ്റ് അലോക് കുമാർ വ്യക്തമാക്കി. “ചില വ്യക്തികൾക്കെതിരെയാണ് ആക്ഷേപമെന്നും ട്രസ്റ്റിനെ എങ്ങനെ പഴിക്കുമെന്നും അലോക് കുമാർ ചോദിക്കുന്നു.” വ്യക്തികളുടെ പേരിൽ ഉയർന്നുവന്ന ആരോപണങ്ങളുടെ പേരിൽ ട്രസ്റ്റിനെ മൊത്തത്തിൽ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്ന നിലപാടാണ് സംഘടന സ്വീകരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

