കോഴിക്കോട് നഗരത്തിൽ ലഹരിമരുന്നിന് അടിമയായ മകൻ വരുത്തിവെച്ച ദുരിതങ്ങളിൽ നട്ടംതിരിഞ്ഞ് ഒരു കുടുംബം. ‘ഓൻ ജയിലിന്ന് വന്നോ എന്നൊക്കെ നാട്ടുകാര് മുഖത്തുനോക്കി ചോദിക്കുന്നു.
ഞാനും മോളും മാത്രമാണ് വീട്ടില്. ജീവിക്കാൻ വയ്യാത്ത സ്ഥിതിയായി’’ എന്ന് പൊലീസിന് മുൻപാകെ നൽകിയ മൊഴിയിൽ ആ മാതാവിന്റെ വേദന വ്യക്തമാണ്.
ബാല്യകാലത്ത് പിതാവിൽ നിന്നുണ്ടായ അതിക്രമങ്ങൾ സൃഷ്ടിച്ച മാനസികാഘാതമാണ് മകനെ ലഹരിയുടെ പാതയിലേക്ക് തള്ളിവിട്ടതെന്ന് പറയപ്പെടുന്നു. പിതാവ് വീട്ടിലുള്ളപ്പോൾ മകൻ വീട്ടിലേക്ക് വരാൻ പോലും മടിച്ചിരുന്ന സാഹചര്യം സാമൂഹികവിരുദ്ധരുമായുള്ള സൗഹൃദത്തിലേക്ക് വഴിതെളിച്ചു.
തുടക്കത്തിൽ കഞ്ചാവ് ഉപയോഗിച്ചു തുടങ്ങിയ യുവാവ്, പിന്നീട് അതിനുള്ള പണം കണ്ടെത്താൻ മോഷണം ശീലമാക്കുകയായിരുന്നു. ചെറിയ മോഷണങ്ങളിൽ തുടങ്ങി ഒടുവിൽ വാഹന മോഷണത്തിലേക്കും, വഴിയരികിലെ ഭണ്ഡാരങ്ങൾ കുത്തിത്തുറക്കുന്നതിലേക്കും എത്തിച്ചേർന്നു.
ഇതോടെ പൊലീസിന്റെ നിത്യസന്ദർശന കേന്ദ്രമായി മാറിയ വീടിന് നേരെ നാട്ടുകാരുടെ അവഗണനയും വർധിച്ചു. ‘കള്ളന്റെ വീട്, കള്ളന്റെ അമ്മ, കള്ളന്റെ പെങ്ങൾ’ എന്നിങ്ങനെ സമൂഹം മുദ്രകുത്തിയതോടെ മാതാവിന്റെയും സഹോദരിയുടെയും ജീവിതം ദുസ്സഹമായി.
നിലവിൽ നഗരത്തിൽ വീട്ടുജോലിക്ക് പോയാണ് ഈ സ്ത്രീ കുടുംബം പുലർത്തുന്നത്. മകൻ നിയമനടപടികളിൽ ഉൾപ്പെടുമ്പോൾ ജാമ്യത്തിനായി പണം കണ്ടെത്തേണ്ടി വരുന്നതും, ലഹരിയുടെ സ്വാധീനത്തിൽ മകൻ വീട്ടിൽ അതിക്രമങ്ങൾ നടത്തുന്നതും ഇവരുടെ ജീവിതം കൂടുതൽ ദുരിതത്തിലാക്കുന്നു.
ഈ സാഹചര്യം കണക്കിലെടുത്ത്, പ്രായപൂർത്തിയാകാത്ത മകളെ ബന്ധുവീട്ടിലേക്ക് മാറ്റി താമസിപ്പിച്ചാണ് പഠനം തുടരുന്നതെന്ന് പൊലീസ് വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

