പശ്ചിമേഷ്യൻ പ്രതിസന്ധിക്ക് അയവ് വന്ന സാഹചര്യത്തിൽ അന്താരാഷ്ട്ര വിപണിയിൽ ഇന്ധനവിലയിൽ പ്രകടമായ കുറവ് ദീർഘകാലത്തേക്ക് തുടരുകയാണെങ്കിൽ വിമാന ടിക്കറ്റുകളിലെ അധിക ചാർജുകൾ ഒഴിവാക്കാൻ വിമാനക്കമ്പനികളോട് ആവശ്യപ്പെടുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. വ്യോമയാന മന്ത്രി കെ.റാം മോഹൻ നായിഡു ആണ് ഇക്കാര്യം മാധ്യമങ്ങളോട് പങ്കുവെച്ചത്.
ഇന്ധനവിലയിലുണ്ടാകുന്ന വ്യതിയാനങ്ങൾ കേന്ദ്രസർക്കാർ കർശനമായി നിരീക്ഷിച്ചു വരികയാണ്. നിലവിലെ വിലയിടിവ് എത്രത്തോളം നീണ്ടുനിൽക്കുമെന്ന് വിലയിരുത്തുന്നതിനായി വിമാനക്കമ്പനികളുമായി വിശദമായ ചർച്ചകൾ നടത്തിവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ ഇന്ധനവില വർധിച്ചപ്പോൾ ടിക്കറ്റ് നിരക്കുകൾക്കൊപ്പം അധിക ഇന്ധന സർചാർജും കമ്പനികൾ ഈടാക്കിയിരുന്നു. എന്നാൽ, നിലവിലെ സാഹചര്യം അനുകൂലമാണെങ്കിൽ ഈ അധിക സർചാർജുകൾ പിൻവലിക്കാൻ വിമാനക്കമ്പനികൾ ആലോചിക്കുന്നുണ്ട്.
അന്താരാഷ്ട്ര വിപണിയിലെ ക്രൂഡോയിൽ വിലയിലുണ്ടാകുന്ന വർധന ഇന്ത്യൻ വിപണിയിൽ പ്രതിഫലിക്കുന്നത് തടയുന്നതിനായി ഈ മാസം ആദ്യം കേന്ദ്ര മന്ത്രിസഭ സുപ്രധാന തീരുമാനമെടുത്തിരുന്നു. ഇതിനായി 10,000 കോടി രൂപയുടെ ‘എടിഎഫ് വിലസ്ഥിരതാ ഫണ്ടിന്’ സർക്കാർ അംഗീകാരം നൽകി.
ഇന്ത്യൻ വിമാനക്കമ്പനികൾക്ക് സ്ഥിരമായ നിരക്കിൽ എടിഎഫ് ലഭ്യമാക്കുന്നതിനായി പലിശരഹിത അഡ്വാൻസായിട്ടാണ് ഈ തുക അനുവദിക്കുന്നത്. എണ്ണക്കമ്പനികളുടെ ബാധ്യതകൾ കുറയ്ക്കാനും അതുവഴി യാത്രക്കാർക്ക് ഉയർന്ന ടിക്കറ്റ് നിരക്കിന്റെ ആഘാതം നേരിടേണ്ടി വരുന്നത് ഒഴിവാക്കാനും ഈ പദ്ധതി ലക്ഷ്യമിടുന്നു.
ഇന്ധനവിലയിലെ മാറ്റങ്ങൾ യാത്രക്കാരെയും വിമാനക്കമ്പനികളെയും ബാധിക്കാത്ത രീതിയിൽ ക്രമീകരിക്കുന്നതിനുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

