നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും പരിമിതമായ സ്ഥലസൗകര്യമുള്ള വീടുകളിൽ അടുക്കളത്തോട്ടങ്ങൾ ഒരുക്കുന്നവർക്കിടയിൽ ബുഷ് പെപ്പർ അഥവാ കുറ്റിക്കുരുമുളക് കൃഷിക്ക് പ്രചാരമേറുന്നു. വലിയ മരങ്ങളോ താങ്ങുകാലുകളോ ആവശ്യമില്ലാതെ ചട്ടികളിലോ ഗ്രോ ബാഗുകളിലോ വളർത്താൻ സാധിക്കുമെന്നതാണ് ഇതിന്റെ പ്രധാന പ്രത്യേകത.
സാധാരണ കുരുമുളക് വള്ളികൾ പോലെ മുകളിലേക്ക് പടരാതെ, കുറ്റിച്ചെടിയുടെ രൂപത്തിൽ വളരുന്ന ഇവ വർഷം മുഴുവൻ വിളവ് നൽകുന്നു. മികച്ച പരിപാലനം ലഭിച്ചാൽ ഏകദേശം 15 വർഷം വരെ ഈ ചെടിയിൽ നിന്ന് ആദായം ലഭിക്കുമെന്നതാണ് കർഷകരെയും വീട്ടമ്മമാരെയും ആകർഷിക്കുന്നത്.
കുരുമുളക് വള്ളിയുടെ വശങ്ങളിലേക്കുള്ള പാർശ്വ ശാഖകൾ പ്രത്യേക രീതിയിൽ വേരുപിടിപ്പിച്ചാണ് ഇവ ഉൽപ്പാദിപ്പിക്കുന്നത്. അതിനാൽ ഇവ പടർന്നു കയറാതെ ചെറിയ ചെടിയായി നിലകൊള്ളുന്നു.
കൃഷിരീതിയും പരിപാലനവും
നഴ്സറികളിൽ നിന്ന് തൈകൾ വാങ്ങുമ്പോൾ ആരോഗ്യവാനായ, ഒന്നിലധികം ശാഖകളുള്ളവ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. പാർശ്വ ശാഖകളിൽ നിന്ന് തന്നെ വികസിപ്പിച്ചെടുത്തതാണെന്ന് ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്; അല്ലാത്തപക്ഷം ചെടി വള്ളിപോലെ പടരാൻ സാധ്യതയുണ്ട്.
നഴ്സറി തൈകൾ നടുന്നതിനായി കുറഞ്ഞത് 12 ഇഞ്ച് വലിപ്പമുള്ള ചട്ടികളോ അനുയോജ്യമായ ഗ്രോ ബാഗുകളോ ഉപയോഗിക്കാം. വെള്ളം കെട്ടിക്കിടന്ന് വേര് ചീഞ്ഞുപോകാതിരിക്കാൻ ചട്ടിയുടെ അടിയിൽ ആവശ്യത്തിന് സുഷിരങ്ങൾ ഉണ്ടെന്ന് ഉറപ്പാക്കണം.
മണ്ണ്, ഉണങ്ങിയ ചാണകപ്പൊടി അല്ലെങ്കിൽ കമ്പോസ്റ്റ്, വേപ്പിൻ പിണ്ണാക്ക് എന്നിവ ചേർത്ത മിശ്രിതം നടീലിന് ഉത്തമമാണ്. തൈകൾ നടുമ്പോൾ വേരുകൾക്ക് കേടുപാടുകൾ സംഭവിക്കാത്ത വിധം കവർ മാറ്റി നടുകയും ചുവട്ടിലെ മണ്ണ് നന്നായി അമർത്തിക്കൊടുക്കുകയും വേണം.
പരിചരണ മുറകൾ
സൂര്യപ്രകാശം നന്നായി ലഭിക്കുന്ന സ്ഥലത്ത് വേണം ചട്ടികൾ വെക്കാൻ. മണ്ണിലെ ഈർപ്പം പരിശോധിച്ച ശേഷം മാത്രം നനയ്ക്കണം.
വേനൽക്കാലത്ത് ദിവസവും നനയ്ക്കുന്നത് ഗുണകരമാണെങ്കിലും മഴക്കാലത്ത് വെള്ളം കെട്ടിക്കിടക്കാതെ ശ്രദ്ധിക്കണം. ചെടി നല്ല രീതിയിൽ കുറ്റിയായി വളരാൻ ഇടയ്ക്കിടെ തുമ്പ് നുള്ളി കൊടുക്കുന്ന (പ്രൂണിങ്) രീതി പിന്തുടരാം.
മാസത്തിലൊരിക്കൽ ചാണകപ്പൊടിയോ വെർമി കമ്പോസ്റ്റോ വളമായി നൽകാം. കൂടാതെ, കഞ്ഞിവെള്ളം പുളിപ്പിച്ചതോ കടലപ്പിണ്ണാക്ക് പുളിപ്പിച്ച വെള്ളമോ ചുവട്ടിൽ ഒഴിക്കുന്നത് ചെടിയുടെ വളർച്ചയ്ക്കും കൂടുതൽ തിരികൾ ഉണ്ടാകുന്നതിനും സഹായിക്കും.
നടീലിന്റെ ആദ്യ വർഷം മുതൽ തന്നെ വിളവെടുപ്പ് സാധ്യമാണ്. വിഷരഹിതമായ കുരുമുളക് സ്വന്തം വീട്ടുമുറ്റത്തുനിന്ന് തന്നെ ലഭ്യമാക്കാൻ കുറ്റിക്കുരുമുളക് കൃഷി ഏറെ സഹായിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

