വീര്യം കുറഞ്ഞ മദ്യത്തിന്റെ വിൽപനയുമായി ബന്ധപ്പെട്ട വിഷയത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളുന്നതിന് മുൻപ് പാർട്ടിയിലും മുന്നണിയിലും സമഗ്രമായ കൂടിയാലോചനകൾ നടത്തുമെന്ന് റവന്യൂ മന്ത്രി എ.പി.അനിൽകുമാർ വ്യക്തമാക്കി.
ലോക ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി എക്സൈസ് വകുപ്പ് സംഘടിപ്പിച്ച ഫൺ റണ്ണിന്റെ ഉദ്ഘാടനവേദിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നയപരമായ വിഷയങ്ങളിൽ തീരുമാനങ്ങൾ എടുക്കുമ്പോൾ മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി, പാർട്ടി നേതൃത്വവുമായും യുഡിഎഫുമായും പൂർണ്ണമായ ചർച്ചകൾക്ക് ശേഷമേ മുന്നോട്ടുപോവുകയുള്ളൂവെന്ന് മന്ത്രി ഊന്നിപ്പറഞ്ഞു.
ഇക്കാര്യം മുഖ്യമന്ത്രി നിയമസഭയിൽ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. ജനാധിപത്യപരമായ രീതിയിൽ എല്ലാ അഭിപ്രായങ്ങളും പരിഗണിച്ചാകും സർക്കാർ മുന്നോട്ടുപോകുക.
കഴിഞ്ഞ പത്തു വർഷമായി കണ്ടുവന്ന ഏകപക്ഷീയമായ തീരുമാനങ്ങൾ ഇനിയുണ്ടാകില്ലെന്നും, പാർട്ടിയുടെ അംഗീകാരത്തോടെയാകും സുപ്രധാന നയപരമായ തീരുമാനങ്ങൾ കൈക്കൊള്ളുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഓപ്പറേഷൻ തൂഫാൻ: ലഹരിക്കെതിരായ ജനകീയ പോരാട്ടം കേരളത്തിൽ ലഹരിക്കെതിരായ പോരാട്ടത്തിൽ വലിയ ജനകീയ മുന്നേറ്റമായി ഓപ്പറേഷൻ തൂഫാൻ മാറിയെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
കോഴിക്കോട് ബീച്ച് റോഡിൽ നടന്ന പരിപാടിയിൽ അദ്ദേഹം ഫ്ലാഗ് ഓഫ് നിർവഹിച്ചു. ലഹരിയുടെ ഉറവിടം കണ്ടെത്തി അവ തുടച്ചുനീക്കാനുള്ള നിരന്തരമായ പരിശ്രമമാണ് ഈ ദൗത്യത്തിലൂടെ സർക്കാർ നടപ്പിലാക്കുന്നത്.
ലഹരിയുടെ പേരിൽ സമൂഹത്തിൽ ആരും പ്രയാസപ്പെടാത്ത സാഹചര്യം സൃഷ്ടിക്കുകയെന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. ബീച്ചിലെ ഫ്രീഡം സ്ക്വയറിൽ നടന്ന ചടങ്ങിൽ കെ.ജയന്ത് എംഎൽഎ അധ്യക്ഷത വഹിച്ചു.
കെ. പ്രവീൺ കുമാർ എംഎൽഎ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
മേയർ ഒ.സദാശിവൻ ഫൺ റണ്ണിൽ പങ്കെടുത്തവർക്കുള്ള ജഴ്സി പ്രകാശനം ചെയ്തു. സിറ്റി പൊലീസ് കമ്മിഷണർ എ.പി.ഷൗക്കത്തലി, നോർത്ത് സോൺ ജോയിന്റ് എക്സൈസ് കമ്മിഷണർ കെ.ഗോപകുമാർ, ഡപ്യൂട്ടി എക്സൈസ് കമ്മിഷണർ ജിമ്മി ജോസഫ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി ജില്ലാ എൻഎസ്എസ് കോഓർഡിനേറ്റർ ഫസീൽ അഹമ്മദ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
കാലിക്കറ്റ് സർവകലാശാല എൻഎസ്എസ് സെല്ലിന്റെ സഹകരണത്തോടെ നടന്ന പരിപാടിയിൽ വൊളന്റിയർമാരും എക്സൈസ് ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ളവർ അണിനിരന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

