ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യാതെ തന്നെ കമ്പനിയുടെ പൂർണ നിയന്ത്രണം ടാറ്റ ട്രസ്റ്റിൽ നിലനിർത്താനുള്ള ടാറ്റ സൺസിന്റെ ശ്രമങ്ങൾക്ക് റിസർവ് ബാങ്കിന്റെ (ആർബിഐ) പുതിയ ഉത്തരവ് വലിയ തിരിച്ചടിയായി മാറിയിരിക്കുന്നു. കേന്ദ്ര ബാങ്ക് പുറത്തിറക്കിയ പുതിയ മാനദണ്ഡങ്ങൾ പ്രകാരം, ഒരു ലക്ഷം കോടി രൂപയോ അതിൽ കൂടുതലോ ആസ്തി മൂല്യമുള്ള ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ (NBFC-Upper Layer) കർശനമായ ചട്ടങ്ങൾക്ക് വിധേയമായിരിക്കും.
നിലവിൽ 1.9 ലക്ഷം കോടി രൂപയിലധികം ആസ്തി മൂല്യമുള്ള ടാറ്റ സൺസ് ഈ പട്ടികയിൽ ഉൾപ്പെടുന്നത് കമ്പനിക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നു. മുൻനിര ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യണമെന്നത് ആർബിഐയുടെ നേരത്തെയുള്ള നിർദ്ദേശമായിരുന്നു.
2022-ൽ തന്നെ ‘കോർ ഇൻവെസ്റ്റ്മെന്റ് കമ്പനി’ (CIC) എന്ന നിലയിൽ ടാറ്റ സൺസിനെ ഈ ഗണത്തിൽ ആർബിഐ ഉൾപ്പെടുത്തിയിരുന്നു. ഇതനുസരിച്ച് 2025-ഓടെ കമ്പനി ലിസ്റ്റിങ് പൂർത്തിയാക്കേണ്ടതുണ്ട്.
ഈ ഉത്തരവിൽ നിന്ന് ഒഴിവാകാനായി കമ്പനി തങ്ങളുടെ 20,000 കോടി രൂപയുടെ ബാധ്യതകൾ തിരിച്ചടയ്ക്കുകയും, സിഐസി ലൈസൻസ് റദ്ദാക്കണമെന്ന് ആർബിഐയോട് അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ അപേക്ഷയിൽ ഇതുവരെ അന്തിമ തീരുമാനം ഉണ്ടായിട്ടില്ല.
പുതിയ ഉത്തരവിലൂടെ മുൻനിര ബാങ്കിതര സ്ഥാപങ്ങളുടെ നിർവചനത്തിലുണ്ടായിരുന്ന അവ്യക്തതകൾ ആർബിഐ പരിഹരിച്ചിട്ടുണ്ട്. 2.5 ലക്ഷം കോടി രൂപയോ അതിൽ അധികമോ ആസ്തിയുള്ള സ്ഥാപനങ്ങളെ മാത്രമേ ഈ വിഭാഗത്തിൽ ഉൾപ്പെടുത്താവൂ എന്ന കമ്പനികളുടെ ആവശ്യം റിസർവ് ബാങ്ക് തള്ളിക്കളഞ്ഞു.
വരും ദിവസങ്ങളിൽ ലിസ്റ്റ് ചെയ്യേണ്ട മുൻനിര ധനകാര്യ സ്ഥാപനങ്ങളുടെ പുതിയ പട്ടിക ആർബിഐ പുറത്തിറക്കും.
ഇതിനായി കാത്തിരിക്കുകയാണ് ടാറ്റ സൺസ് അധികൃതർ. ടാറ്റ ഗ്രൂപ്പിന്റെ ഹോൾഡിങ് കമ്പനിയായ ടാറ്റ സൺസിന്റെ നിയന്ത്രണം 60 ശതമാനത്തിലധികം ഓഹരി പങ്കാളിത്തമുള്ള ടാറ്റ ട്രസ്റ്റിനാണ്.
ലിസ്റ്റിങ് സംബന്ധിച്ച് കമ്പനിയുടെ ബോർഡിൽ അഭിപ്രായ ഭിന്നതകൾ നിലനിൽക്കുന്നുണ്ട്. ടാറ്റ ട്രസ്റ്റ് ചെയർമാൻ നോയൽ ടാറ്റ ലിസ്റ്റിങ്ങിനെ എതിർക്കുമ്പോൾ, ഓഹരി ഉടമകളായ ഷാപൂർജി പല്ലോൺജി ഗ്രൂപ്പ് അനുകൂല നിലപാടാണ് സ്വീകരിക്കുന്നത്.
ഈ തർക്കം കേന്ദ്രതലത്തിൽ വരെ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. നോയൽ ടാറ്റ നവംബർ 12ന് വിരമിക്കും ടാറ്റ ഗ്രൂപ്പിന്റെ ആറ് കമ്പനികളുടെ ബോർഡിൽ നിന്ന് നോയൽ ടാറ്റ നവംബർ 12-ന് വിരമിക്കും.
70 വയസ്സ് തികയുന്ന പശ്ചാത്തലത്തിലാണ് നോൺ-എക്സിക്യൂട്ടീവ് അംഗങ്ങൾക്കുള്ള വിരമിക്കൽ പ്രായപരിധി മാനിച്ചുള്ള ഈ നടപടി. ടൈറ്റാൻ, ടാറ്റ സ്റ്റീൽ, ടാറ്റ ഇൻവെസ്റ്റ്മെന്റ് കോർപറേഷൻ, വോൾട്ടാസ്, ടാറ്റ ഇന്റർനാഷനൽ, ട്രെന്റ് എന്നീ കമ്പനികളിലെ സ്ഥാനങ്ങളിൽ നിന്നാണ് അദ്ദേഹം പടിയിറങ്ങുന്നത്.
അതേസമയം, ടാറ്റ സൺസിന്റെ ബോർഡിൽ അദ്ദേഹം തുടരും. കമ്പനിയെ നിയന്ത്രിക്കുന്ന ടാറ്റ ട്രസ്റ്റിന്റെ പ്രതിനിധി എന്ന നിലയിൽ വിരമിക്കൽ പ്രായപരിധി അദ്ദേഹത്തിന് ബാധകമല്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

