വെനസ്വേലയിൽ ഉണ്ടായ അതിശക്തമായ ഇരട്ട ഭൂചലനത്തിൽ മരണസംഖ്യ 235 ആയി ഉയർന്നു.
നൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ പ്രകൃതിദുരന്തത്തിനാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. ബുധനാഴ്ച വൈകുന്നേരം മിനിറ്റുകളുടെ വ്യത്യാസത്തിൽ ഉണ്ടായ 7.2, 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങളിൽ ആയിരത്തിലധികം പേർക്ക് പരിക്കേറ്റു.
ഇവരിൽ 1,500 ഓളം പേർ ചികിത്സയിലാണ്. ലാ ഗൈറ മേഖലയിലാണ് ഭൂചലനം ഏറ്റവും വലിയ ആഘാതം സൃഷ്ടിച്ചത്.
തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഇനിയും 200-ലധികം പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് ഔദ്യോഗിക വിലയിരുത്തൽ. കൂടാതെ, ആയിരത്തിലധികം പേരെ കാണാതായിട്ടുണ്ട്.
രക്ഷാപ്രവർത്തനത്തിനായി ഉപയോഗിക്കേണ്ട വിമാനത്താവളത്തിന് കേടുപാടുകൾ സംഭവിച്ചതിനാൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ദുഷ്കരമായി തുടരുകയാണ്.
രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി വെനസ്വേലൻ ആക്ടിങ് പ്രസിഡൻ്റ് ഡെൽസി റോഡ്രിഗസ് അറിയിച്ചു. തകർന്ന വീടുകളും ആശുപത്രികളും പുനർനിർമ്മിക്കുന്നതിനായി 200 മില്യൺ ഡോളറിന്റെ പ്രത്യേക ഫണ്ട് സർക്കാർ രൂപീകരിച്ചിട്ടുണ്ട്.
രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ രാജ്യത്തെ മുഴുവൻ സംവിധാനങ്ങളെയും ലാ ഗൈറയിലേക്ക് കേന്ദ്രീകരിച്ചിരിക്കുകയാണ്. അന്താരാഷ്ട്ര സമൂഹം വെനസ്വേലയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.
മെക്സിക്കോ, ഖത്തർ, ബ്രസീൽ, സ്പെയിൻ, പോർച്ചുഗൽ, കാനഡ തുടങ്ങിയ രാജ്യങ്ങൾ രക്ഷാപ്രവർത്തകർ, മെഡിക്കൽ സാമഗ്രികൾ, ഡ്രോണുകൾ, തെരച്ചിൽ നായകൾ തുടങ്ങിയവ ലഭ്യമാക്കി സഹായം ഉറപ്പാക്കി. വ്യാഴാഴ്ച അടിയന്തര സഹായങ്ങളുമായി നിരവധി കപ്പലുകൾ വെനസ്വേല ലക്ഷ്യമാക്കി യാത്ര തിരിച്ചു.
അമേരിക്ക വെനസ്വേലയ്ക്ക് മേൽ ഏർപ്പെടുത്തിയിരുന്ന ഉപരോധം ഒക്ടോബർ 23 വരെ നീക്കം ചെയ്യുകയും 150 മില്യൺ ഡോളറിന്റെ ധനസഹായം വാഗ്ദാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

