1985 ജൂൺ 23-ന് നടന്ന എയർ ഇന്ത്യ ഫ്ലൈറ്റ് 182 കനിഷ്ക വിമാന ദുരന്തത്തിന് പിന്നിൽ ഖലിസ്ഥാൻ തീവ്രവാദികളാണെന്ന് കാനഡ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ദുരന്തം നടന്ന് നാല് പതിറ്റാണ്ടുകൾക്ക് ശേഷമാണ് കാനഡയുടെ ഭാഗത്തുനിന്ന് ഇത്തരമൊരു തുറന്നുസമ്മതം ഉണ്ടാകുന്നത്.
ഭീകരാക്രമണത്തിന്റെ പശ്ചാത്തലം കനേഡിയൻ സെക്യൂരിറ്റി ഇന്റലിജൻസ് സർവീസ് (സിഎസ്ഐഎസ്) സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച കുറിപ്പിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ‘ഭീകരവാദത്തിന്റെ ഇരകളെ ഓർമിക്കുന്ന ഈ ദിവസം എയർ ഇന്ത്യ ഫ്ലൈറ്റ് 182 വിമാനത്തിൽ ഹീനമായ ഭീകരാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട
329 പേരെ സിഎസ്ഐഎസ് അനുസ്മരിക്കുന്നു. 1985 ജൂൺ 23ന് കാനഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഖലിസ്ഥാൻ തീവ്രവാദികൾ സ്ഥാപിച്ച ബോംബ് പൊട്ടി വിമാനത്തിലുണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെടുകയായിരുന്നു.
ഇതിൽ ഭൂരിഭാഗംപേരും കനേഡിയൻ പൗരന്മാരായിരുന്നു. കാനഡയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഭീകരാക്രമണങ്ങളിലൊന്നാണത്’ എന്ന് സിഎസ്ഐഎസ് അറിയിച്ചു.
ദുരന്തത്തിന്റെ നാൾവഴികൾ മോൺട്രിയലിൽനിന്ന് ലണ്ടൻ വഴി ഡൽഹിയിലേക്ക് യാത്ര ചെയ്യുകയായിരുന്നു എയർ ഇന്ത്യയുടെ കനിഷ്ക വിമാനം. ലണ്ടനിൽ എത്തുന്നതിന് ഏകദേശം 45 മിനിറ്റ് മുൻപ് അറ്റ്ലാന്റിക് സമുദ്രത്തിന് മുകളിൽ വെച്ചാണ് വിമാനത്തിൽ സ്ഫോടനം നടന്നത്.
വാൻകൂവറിൽ വെച്ച് വിമാനത്തിന്റെ കാർഗോയിലേക്ക് സ്യൂട്ട്കേസിലാക്കി ബോംബ് കയറ്റുകയായിരുന്നുവെന്നാണ് കണ്ടെത്തൽ. ഈ ദാരുണമായ സംഭവത്തിൽ 29 മലയാളികൾ ഉൾപ്പെടെ 329 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്.
കേസും അന്വേഷണവും കാനഡയിലെ ബബ്ബർ ഖൽസ എന്ന സംഘടനയാണ് ആക്രമണത്തിന് നേതൃത്വം നൽകിയതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. സുവർണക്ഷേത്രത്തിൽ നടന്ന ഭീകരവിരുദ്ധ ഓപ്പറേഷന് പ്രതികാരമായാണ് ഭീകരർ ഈ ക്രൂരകൃത്യം നടപ്പിലാക്കിയത്.
ഇന്ദർജിത് സിങ് റിയാത്, റിപുദമൻ സിങ് മാലിക്, തൽവീന്ദർ സിങ് പാർമർ എന്നിവരെ ഈ കേസുമായി ബന്ധപ്പെട്ട് അധികൃതർ പിടികൂടിയിരുന്നു. എന്നാൽ, ഇന്ദർജിത് സിങ് റിയാത് മാത്രമാണ് നിയമനടപടികൾക്കൊടുവിൽ ശിക്ഷിക്കപ്പെട്ടത്.
കാനഡയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ആഘാതമായാണ് ഈ സംഭവത്തെ കനേഡിയൻ അധികൃതർ വിലയിരുത്തുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

