കാക്കനാട് മാവേലിപുരം ഓണം പാർക്കിന് സമീപം സൈക്കിൾ ചവിട്ടുന്നതിനിടെ മുപ്പത് അടി താഴ്ചയിലേക്ക് വീണ് ബാലിക മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ ഇടപെട്ടു. തൃക്കാക്കര മുനിസിപ്പാലിറ്റി ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് അപകടത്തിന് കാരണമെന്ന പരാതിയുടെ അടിസ്ഥാനത്തിൽ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു.
സംഭവസ്ഥലത്ത് നേരിട്ടെത്തി പരിശോധന നടത്താൻ ആർഡിഒ അല്ലെങ്കിൽ സബ് കലക്ടർ റാങ്കിലുള്ള ഉദ്യോഗസ്ഥനെ നിയോഗിക്കണമെന്ന് എറണാകുളം ജില്ലാ കലക്ടർക്ക് കമ്മിഷൻ നിർദേശം നൽകി. ഈ പരിശോധനാ സംഘത്തിൽ അസിസ്റ്റന്റ് കമ്മിഷണർ ഓഫ് പൊലീസും പിഡബ്ല്യുഡി എൻജിനീയറും ഉൾപ്പെടണം.
അപകടത്തിന് കാരണമായ സുരക്ഷാ വീഴ്ചകളെക്കുറിച്ച് വിശദമായ പരിശോധന നടത്താനാണ് നിർദേശം. പൊതുവഴിക്ക് സംരക്ഷണ ഭിത്തി നിർമിക്കാത്തതുമൂലമാണോ അപകടം സംഭവിച്ചതെന്നും, സംരക്ഷണ ഭിത്തി ഉണ്ടായിരുന്നെങ്കിൽ ബാലികയുടെ മരണം ഒഴിവാക്കാമായിരുന്നോ എന്നും അന്വേഷണത്തിൽ വ്യക്തമാക്കണം.
പാർക്കിന്റെ റോഡ് മണ്ണിട്ട് ഉയർത്തിയതും അപകടം നടന്ന താഴ്ന്ന പ്രദേശവും തമ്മിലുള്ള ഉയരവ്യത്യാസം അളന്ന് തിട്ടപ്പെടുത്തണമെന്നും കമ്മിഷൻ നിർദേശിച്ചു. അപകടം നടന്ന സ്ഥലത്തിന്റെ ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള റിപ്പോർട്ട് സമർപ്പിക്കണം.
പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിൽ, നാലാഴ്ചയ്ക്കകം സമഗ്രമായ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനുപുറമെ, തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറും തൃക്കാക്കര മുനിസിപ്പാലിറ്റി സെക്രട്ടറിയും ഇതേ കാലയളവിനുള്ളിൽ പ്രത്യേകം റിപ്പോർട്ടുകൾ നൽകണം.
കുട്ടിയുടെ മാതാപിതാക്കളുടെ വിലാസം സമർപ്പിക്കാനും നിർദേശമുണ്ട്. ഓഗസ്റ്റ് 10-ന് രാവിലെ പത്തിന് പത്തടിപ്പാലം പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ ആർഡിഒ, തൃക്കാക്കര മുനിസിപ്പാലിറ്റി സെക്രട്ടറി, തദ്ദേശ ഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറുടെ പ്രതിനിധി എന്നിവർ നേരിട്ട് ഹാജരാകണം.
മാവേലിപുരം ഓണം പാർക്കിന് സമീപം റോഡ് പതിനഞ്ചു മീറ്ററോളം മണ്ണിട്ട് ഉയർത്തിയതോടെ ഈ പ്രദേശം അപകടാവസ്ഥയിലായിരുന്നു. സുരക്ഷാവേലി നിർമിക്കണമെന്ന നാട്ടുകാരുടെ നിരന്തരമായ ആവശ്യം അധികൃതർ അവഗണിച്ചതായാണ് പരാതി.
ഞായറാഴ്ച സൈക്കിൾ ചവിട്ടുന്നതിനിടെയാണ് റിഹാന കാതറിൻ ആൻഡ്രൂസ് എന്ന വിദ്യാർഥിനി ഈ ഗർത്തത്തിലേക്ക് വീണ് ദാരുണമായി മരിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

