തിരുവനന്തപുരം: സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യത്തിന്റെ ലഭ്യത ഉറപ്പാക്കുന്നതിനായി ചട്ടങ്ങളിൽ ഭേദഗതി വരുത്തിയത് പ്രമുഖ മദ്യനിർമ്മാണ കമ്പനിയായ ബെക്കാർഡിയുടെ അഭ്യർത്ഥന പ്രകാരമെന്ന് വ്യക്തമാക്കുന്ന രേഖകൾ പുറത്തുവന്നു. 2021-ൽ അന്നത്തെ എക്സൈസ് മന്ത്രിയായിരുന്ന എം വി ഗോവിന്ദന് കമ്പനി നൽകിയ ഔദ്യോഗിക കത്താണ് ഇപ്പോൾ പുറത്തായിരിക്കുന്നത്.
വീര്യം കുറഞ്ഞ മദ്യം സ്ത്രീ സൗഹൃദമാണെന്നും, കേരളത്തിൽ ഇതിന് വിപണി സാധ്യതയുണ്ടെന്നും കമ്പനി കത്തിൽ വാദിക്കുന്നു. കേരളത്തിൽ ഈ ഉൽപ്പന്നങ്ങളുടെ വിൽപനയ്ക്ക് അനുകൂലമായ സാഹചര്യം ഇല്ലാത്തതിനാൽ തങ്ങൾ നടത്തുന്ന വിവിധ ഇവന്റുകൾ ഗോവയിലേക്ക് മാറ്റേണ്ടി വരുന്നുവെന്ന ആശങ്കയും ബെക്കാർഡി അധികൃതർ കത്തിൽ ഉന്നയിച്ചിരുന്നു.
ഈ കത്ത് ലഭിച്ചതിന് പിന്നാലെ, വിഷയത്തിൽ തുടർ നടപടികൾ സ്വീകരിക്കാൻ എം വി ഗോവിന്ദൻ നികുതി വകുപ്പ് സെക്രട്ടറിക്ക് കർശന നിർദ്ദേശം നൽകുകയായിരുന്നു. വീര്യം കുറഞ്ഞ മദ്യത്തിന് വ്യക്തമായ നിർവചനം നൽകണമെന്നും, ഇത് സംബന്ധിച്ച് അടിയന്തരമായി വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്നുമാണ് അദ്ദേഹം നിർദ്ദേശിച്ചത്.
ഈ കത്തിന്റെ പകർപ്പ് ഇന്നലെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിയമസഭയിൽ ഉന്നയിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

