കോട്ടയം നഗരത്തിലെ ഹോട്ടലുകളിൽ നഗരസഭാ ആരോഗ്യ വിഭാഗം നടത്തിയ കർശന പരിശോധനയിൽ വ്യാപകമായ ക്രമക്കേടുകൾ കണ്ടെത്തി. നഗരത്തിലെ 22 ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ 9 എണ്ണത്തിൽ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തു.
ദിവസങ്ങൾ പഴക്കമുള്ള ചോറ്, നൂഡിൽസ്, ബീഫ്, ചിക്കൻ കറി, മീൻകറി, അൽഫാം, കുഴിമന്തി തുടങ്ങിയവയാണ് നശിപ്പിച്ചത്. നിറവും ഗന്ധവും മാറിയ ഭക്ഷണം വീണ്ടും ചൂടാക്കി പുതിയ ഭക്ഷണത്തോടൊപ്പം വിതരണം ചെയ്യുന്നതായി പരിശോധനാ സംഘം കണ്ടെത്തി.
കൂടാതെ നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങളും പിടികൂടിയിട്ടുണ്ട്. ഇവർക്കെതിരെ പിഴ ചുമത്തുകയും നോട്ടീസ് നൽകുകയും ചെയ്തു.
ക്ലീൻ സിറ്റി മാനേജർ ടി.എ.തങ്കം, ഹെൽത്ത് ഇൻസ്പെക്ടർമാരായ പ്രവീൺ, പ്രമോദ്, സുർജിത്, ലിനീഷ്, രമ്യ, വിസ്മയ, ഹിമ എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി. മറ്റൊരു സംഭവത്തിൽ, കുമരകം പരിപ്പ് തൊള്ളായിരംചിറ കള്ളുഷാപ്പിലെ തലക്കറി കഴിച്ചതിനെത്തുടർന്ന് ഭക്ഷ്യവിഷബാധയേറ്റവരുടെ എണ്ണം 15 ആയി ഉയർന്നു.
കുമരകം സ്വദേശി പി.എസ്.ജ്യോതിഷ് മരണപ്പെട്ടതിനെത്തുടർന്നുണ്ടായ അന്വേഷണത്തിലാണ് കൂടുതൽ പേർക്ക് രോഗബാധയുണ്ടായ വിവരം പുറത്തുവന്നത്. ജിൻസ് (35), ജിതിൻ (31), അഖിൽ (30) എന്നിവരടക്കമുള്ളവരും ഇതേ ഷാപ്പിൽനിന്ന് ഭക്ഷണം കഴിച്ചതായി സ്ഥിരീകരിച്ചു.
കറികൾക്ക് പുറമെ മഞ്ഞക്കൂരിക്കറി, പന്നി ഫ്രൈ, പള്ളത്തി ഫ്രൈ, ചെമ്മീൻ റോസ്റ്റ്, ചൂരമീൻ കറി എന്നിവ കഴിച്ചവർക്കും ശാരീരിക അസ്വസ്ഥതകൾ ഉണ്ടായിരുന്നു. ഈ സാഹചര്യത്തിൽ ലേഖ, ജോസഫ് എന്നിവരുടെ ഉടമസ്ഥതയിലുള്ള പരിപ്പ് തൊള്ളായിരംചിറ കള്ളുഷാപ്പിന്റെ ലൈസൻസ് അധികൃതർ സസ്പെൻഡ് ചെയ്തു.
വൃത്തിഹീനമായ അന്തരീക്ഷത്തിൽ പ്രവർത്തിച്ചതിനാണ് നടപടി. കൂടാതെ, ഇതേ ഉടമകളുടെ ഉടമസ്ഥതയിലുള്ള മറ്റ് 6 ഷാപ്പുകളുടെ ലൈസൻസും മരവിപ്പിച്ചിട്ടുണ്ട്.
കള്ളിൽ വിഷാംശം കണ്ടെത്തിയിട്ടില്ലെന്ന് എക്സൈസ് വിഭാഗം അറിയിച്ചു. എക്സൈസ് കമ്മിഷണറുടെ ഹിയറിങ്ങിന് ശേഷമാകും തുടർനടപടികൾ സ്വീകരിക്കുക.
അതേസമയം, കുമരകം സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ കള്ളുഷാപ്പുകളിലും ബാറുകളിലും പരിശോധന ശക്തമാക്കി. ലൈസൻസില്ലാതെയും ശുചിത്വമില്ലാതെയും പ്രവർത്തിച്ചതിന് ഒന്നാം കലുങ്കിലെ ഒരു സ്ഥാപനത്തിന് ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും തടഞ്ഞുകൊണ്ട് നോട്ടിസ് നൽകി.
മറ്റ് രണ്ട് സ്ഥാപനങ്ങൾക്കെതിരെയും പൊതുജനാരോഗ്യ നിയമപ്രകാരം നടപടിയെടുത്തു. ഹെൽത്ത് ഇൻസ്പെക്ടർ എം.ബിബീഷ്, ഹെൽത്ത് സൂപ്പർവൈസർ കാളിദാസ്, സീനിയർ എച്ച്ഐമാരായ ഷിബു, നിജിത്ത് എന്നിവർ നേതൃത്വം നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

