കൊല്ലം ജില്ലയിലെ ആർടിഒ ഓഫിസുകളിൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട് ഗുരുതരമായ ആരോപണങ്ങളാണ് ഉയർന്നു വരുന്നത്. മറ്റ് ജില്ലകളിൽ നിന്നുപോലും വാഹനങ്ങൾ എത്തിച്ച് പരിശോധനകൾ അട്ടിമറിച്ച് സർട്ടിഫിക്കറ്റ് നൽകിയെന്ന സംഭവത്തിൽ നേരത്തെ തന്നെ ഉദ്യോഗസ്ഥർക്കെതിരെ സസ്പെൻഷൻ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചിരുന്നു.
വാഹനം നേരിട്ട് ഹാജരാക്കാതെ ഫിറ്റ്നസ് നൽകിയെന്ന വെളിപ്പെടുത്തൽ മുൻപ് വലിയ വിവാദമായിരുന്നു. ഏകദേശം 1500-ൽ അധികം വാഹനങ്ങൾക്ക് ഇത്തരത്തിൽ ചട്ടങ്ങൾ ലംഘിച്ച് ഫിറ്റ്നസ് നൽകിയതായി നേരത്തെ കണ്ടെത്തിയിട്ടുണ്ട്.
കൊട്ടാരക്കരയിൽ നടന്ന അപകടത്തിനു പിന്നാലെയാണ് മോട്ടർ വാഹനവകുപ്പിലെ ക്രമക്കേടുകളും ഉദ്യോഗസ്ഥർ തമ്മിലുള്ള തർക്കങ്ങളും കൂടുതൽ പുറത്തുവന്നത്. അപകടത്തിൽപ്പെട്ട
ടിപ്പറിന് ഫിറ്റ്നസ് നൽകിയതിൽ വീഴ്ച വരുത്തിയെന്നാരോപിച്ച് ഉദ്യോഗസ്ഥനെതിരെ സസ്പെൻഷൻ നടപടി ഉണ്ടായി. ജിപിഎസ് വാഹൻ വെബ്സൈറ്റിൽ സുരക്ഷാമിത്രയുമായി ടാഗ് ചെയ്യാതെയാണ് ഈ ടിപ്പറിന് ഫിറ്റ്നസ് നൽകിയത് എന്നതാണ് പ്രധാന ആരോപണം.
എന്നാൽ, അമിതഭാരം കയറ്റി സർവീസ് നടത്തിയ ടിപ്പർ ലോറികളെ പിടികൂടുന്നതിൽ എൻഫോഴ്സ്മെന്റ് വിഭാഗം കാണിച്ച വീഴ്ച മറച്ചുവെക്കാനാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തതെന്ന് മോട്ടർ വാഹനവകുപ്പിലെ ഒരു വിഭാഗം ആരോപിക്കുന്നു. ഇക്കാര്യത്തിൽ കരുനാഗപ്പള്ളി ജോയിന്റ് റീജനൽ ട്രാൻസ്പോർട്ട് ഓഫിസർ ഗതാഗത കമ്മിഷണർക്ക് നൽകിയ റിപ്പോർട്ട് ശ്രദ്ധേയമാണ്.
വാഹനത്തിന്റെ മെക്കാനിക്കൽ കണ്ടീഷൻ തൃപ്തികരമാണെന്നും സ്പീഡ് ലിമിറ്റ് ഡിവൈസ് പ്രവർത്തനക്ഷമമാണെന്നും റിപ്പോർട്ടിൽ പറയുന്നു. ജിപിഎസ് സുരക്ഷാമിത്രയിൽ ടാഗ് ചെയ്യാൻ ശ്രമിച്ചപ്പോൾ ലഭിച്ച അലർട്ട് ക്ലിയർ ചെയ്യാൻ വാഹന ഉടമയ്ക്ക് നിർദേശം നൽകിയിരുന്നതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഫിറ്റ്നസ് പരിശോധനയിൽ നിലവിലുള്ള രീതികളെക്കുറിച്ച് ഉദ്യോഗസ്ഥർ തന്നെ വെളിപ്പെടുത്തുന്നത് ആശങ്കാജനകമാണ്. നിയമപ്രകാരം അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ വാഹനത്തിന്റെ ഷാസി, ബോഡി എന്നിവ പരിശോധിക്കണം.
പിന്നീട് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ (എംവിഐ) വാഹനം ഓടിച്ചു നോക്കി സ്പീഡ് ഗവർണർ, ജിപിഎസ് എന്നിവയുടെ പ്രവർത്തനക്ഷമത ഉറപ്പുവരുത്തണം. എന്നാൽ, നിലവിൽ പലപ്പോഴും ഇത്തരം പരിശോധനകൾ കൃത്യമായി നടക്കാറില്ലെന്നും, പല ഉദ്യോഗസ്ഥരും വേണ്ടത്ര പരിശോധനകൾ കൂടാതെയാണ് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്നതെന്നുമാണ് പുറത്തുവരുന്ന വിവരം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

