തിരുവനന്തപുരം കണിയാപുരം ജവാകോട്ടേജിനു സമീപം പള്ളിനട ചിറയ്ക്കലിൽ താമസിക്കുന്ന നസീഹ (37) ഇന്നും ആ അപകടത്തിന്റെ ഞെട്ടലിലാണ്.
2025 സെപ്റ്റംബർ 24-ന് വൈകുന്നേരമുണ്ടായ ദാരുണമായ വാഹനാപകടം നസീഹയുടെ ജീവിതത്തെ കീഴ്മേൽ മറിച്ചു. ഭർത്താവ് റഹീമിനൊപ്പം (45) അദ്ദേഹത്തിന്റെ മാതാവിനെ കാണാനായി വെമ്പായത്തെ കുടുംബവീട്ടിലേക്ക് ബൈക്കിൽ യാത്ര ചെയ്യുകയായിരുന്നു നസീഹ.
ചാത്തൻപാറയിൽ വെച്ച് അമിതവേഗത്തിലെത്തിയ ടിപ്പർ ലോറി മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ ഇവരുടെ ബൈക്കിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ റോഡിലേക്ക് തെറിച്ചുവീണ റഹീമിന്റെ ദേഹത്തുകൂടി ലോറി കയറിയിറങ്ങുകയും അദ്ദേഹം തൽക്ഷണം മരണപ്പെടുകയും ചെയ്തു.
അപകടത്തിൽ നസീഹയുടെ വലതുകൈയിലൂടെയും ടിപ്പർ കയറിയിറങ്ങിയിരുന്നു. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഗുരുതരമായി പരുക്കേറ്റ നസീഹ മാസങ്ങളോളം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
നിരവധി ശസ്ത്രക്രിയകൾക്ക് വിധേയയായ ഇവർക്ക് കയ്യിൽ സ്റ്റീൽ കമ്പി ഘടിപ്പിച്ചിരിക്കുകയാണ്. നിലവിൽ വീട്ടിൽ വിശ്രമത്തിലാണെങ്കിലും, തകർന്ന വലതുകൈ പൂർവസ്ഥിതിയിലാക്കാൻ ഫിസിയോതെറപ്പി തുടർന്നു വരുന്നു.
പാചകത്തൊഴിലാളിയായിരുന്ന റഹീമിന്റെ വരുമാനമായിരുന്നു കുടുംബത്തിന്റെ ഏക ആശ്രയം. അദ്ദേഹത്തിന്റെ അകാല വിയോഗത്തോടെ രണ്ട് മക്കളുടെ പഠനവും ദൈനംദിന ജീവിതവും വലിയ പ്രതിസന്ധിയിലായിരിക്കുകയാണ്.
ടിപ്പർ ഡ്രൈവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ടെങ്കിലും ഇതുവരെ നഷ്ടപരിഹാരമൊന്നും ലഭിച്ചിട്ടില്ലെന്ന് കുടുംബം അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

