സ്വിറ്റ്സർലൻഡിൽ നടന്ന നിർണ്ണായക ചർച്ചകൾക്ക് പിന്നാലെ, ഇറാന്റെ പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന ഉപരോധത്തിൽ താൽക്കാലിക ഇളവ് അനുവദിക്കാൻ അമേരിക്കൻ തീരുമാനം. നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രത്യേക നിർദ്ദേശത്തെത്തുടർന്ന് യുഎസ് ട്രഷറി വകുപ്പാണ് ഈ പ്രഖ്യാപനം നടത്തിയത്.
ഓഗസ്റ്റ് 21 വരെയാണ് ഈ ഇളവ് പ്രാബല്യത്തിലുണ്ടാവുക. അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി ഇൻസ്പെക്ടർമാർക്ക് ഇറാനിൽ പരിശോധന നടത്തുന്നതിനും, ലോകത്തിലെ പ്രധാന എണ്ണ ഗതാഗത പാതയായ ഹോർമുസ് കടലിടുക്കിലൂടെ തടസ്സങ്ങളില്ലാതെ കപ്പൽ ഗതാഗതം ഉറപ്പാക്കുന്നതിനും ഇറാൻ ഭരണകൂടം നൽകിയ ഉറപ്പിനെത്തുടർന്നാണ് നയതന്ത്രപരമായ ഈ മാറ്റം.
ഇറാന്റെ എണ്ണ വിപണിയിലേക്ക് തിരിച്ചെത്തുന്നത് ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വിതരണം വർദ്ധിക്കാൻ കാരണമാകും. ഇത് അസംസ്കൃത എണ്ണയുടെ വിലയിൽ ഗണ്യമായ കുറവുണ്ടാക്കുമെന്നാണ് വിലയിരുത്തൽ.
തങ്ങളുടെ എണ്ണ ആവശ്യകതയുടെ 88 ശതമാനവും ഇറക്കുമതിയെ ആശ്രയിക്കുന്ന ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ നീക്കം വലിയ ആശ്വാസമാണ്. ആഗോള വിപണിയിലെ വിലക്കയറ്റത്തിനിടയിലും രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ മാറ്റം വരുത്താതെ പിടിച്ചുനിർത്തിയ ഇന്ത്യൻ എണ്ണക്കമ്പനികൾ വലിയ സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നു.
വില കുറയുന്നത് കമ്പനികളുടെ സാമ്പത്തിക ബാധ്യത ലഘൂകരിക്കാൻ സഹായിക്കും. എങ്കിലും, ഇന്ത്യ പെട്ടെന്നൊരു തീരുമാനത്തിലൂടെ ഇറാനിൽ നിന്ന് വൻതോതിൽ എണ്ണ വാങ്ങാൻ തയ്യാറായേക്കില്ലെന്ന് സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പ്രധാന വ്യാപാര കരാറുകൾ നിലവിൽ ചർച്ചാ ഘട്ടത്തിലായതിനാൽ, തൽക്കാലം എൽപിജി, പെട്രോകെമിക്കൽസ്, വളം തുടങ്ങിയ മേഖലകളിൽ ഇറാനുമായി സഹകരിക്കാനാണ് ഇന്ത്യയുടെ മുൻഗണന. നിലവിൽ റഷ്യയും യുഎഇയുമാണ് ഇന്ത്യയുടെ പ്രധാന എണ്ണ വിതരണക്കാർ.
ജൂൺ മാസത്തിലെ കണക്കുപ്രകാരം റഷ്യയിൽ നിന്ന് പ്രതിദിനം 2.66 ദശലക്ഷം ബാരൽ എണ്ണ ഇന്ത്യ ഇറക്കുമതി ചെയ്യുന്നുണ്ട്. വെനിസ്വേലയാണ് ഇന്ത്യയുടെ നാലാമത്തെ വലിയ വിതരണ രാജ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

