ലോകകപ്പിലെ തങ്ങളുടെ രണ്ടാം മത്സരത്തിൽ ഉസ്ബെക്കിസ്ഥാനെ നേരിടാനൊരുങ്ങുന്ന പോർച്ചുഗൽ ടീമിൽ നിർണ്ണായക മാറ്റങ്ങൾക്ക് സാധ്യതയെന്ന് സൂചന. ആദ്യ മത്സരത്തിലെ അപ്രതീക്ഷിത സമനിലയ്ക്ക് പിന്നാലെ, സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ ആദ്യ ഇലവനിൽ നിന്ന് ഒഴിവാക്കിയേക്കുമെന്ന അഭ്യൂഹങ്ങൾ ഫുട്ബോൾ ലോകത്ത് സജീവമായിരിക്കുകയാണ്.
മത്സരത്തിന് മുന്നോടിയായുള്ള വാർത്താസമ്മേളനത്തിൽ, റൊണാൾഡോ കളിക്കുമോ എന്ന ചോദ്യത്തിന് പരിശീലകൻ റോബർട്ടോ മാർട്ടിനെസ് വ്യക്തമായ ഉത്തരം നൽകാൻ തയ്യാറായില്ല. “എനിക്ക് ഇപ്പോൾ ആദ്യ ഇലവനെക്കുറിച്ച് ഒരു വിവരവും തരാൻ കഴിയില്ല.
കാരണം, ഞാൻ ഇക്കാര്യം എന്റെ കളിക്കാരോട് പോലും ഇതുവരെ സംസാരിച്ചിട്ടില്ല” എന്ന് മാത്രമാണ് അദ്ദേഹം പ്രതികരിച്ചത്. കോംഗോയ്ക്കെതിരായ ആദ്യ മത്സരത്തിൽ 1-1 എന്ന നിലയിൽ പോർച്ചുഗൽ സമനിലയിൽ കുരുങ്ങിയത് ടീമിന് വലിയ തിരിച്ചടിയായിരുന്നു.
41-കാരനായ റൊണാൾഡോയ്ക്ക് ഈ മത്സരത്തിൽ ഗോളുകൾ കണ്ടെത്താനായില്ലെന്ന് മാത്രമല്ല, നിർണ്ണായക അവസരങ്ങൾ പാഴാക്കിയതും വലിയ വിമർശനങ്ങൾക്ക് വഴിവെച്ചു. എങ്കിലും, റൊണാൾഡോയ്ക്ക് പിന്തുണയുമായി മാർട്ടിനെസ് രംഗത്തെത്തി.
വിമർശനങ്ങൾ അന്യായമാണെന്ന് വ്യക്തമാക്കിയ പരിശീലകൻ, ലോകകപ്പ് പോലുള്ള വലിയ വേദികളിൽ സമ്മർദ്ദങ്ങൾ സ്വാഭാവികമാണെന്നും ടീം മികച്ച ഒത്തൊരുമയിലാണെന്നും വ്യക്തമാക്കി. ബോക്സിനുള്ളിൽ ഇപ്പോഴും ക്രിസ്റ്റ്യാനോ തന്നെയാണ് മികച്ച താരമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആറ് ലോകകപ്പുകളിൽ കളിക്കുന്ന അപൂർവ്വ നേട്ടം ലിയോണൽ മെസിക്കൊപ്പം പങ്കുവെക്കുമ്പോഴും, ആറ് ലോകകപ്പുകളിൽ ഗോൾ നേടുന്ന ആദ്യ താരമാകാനുള്ള ചരിത്ര അവസരം റൊണാൾഡോയ്ക്ക് ആദ്യ മത്സരത്തിൽ നഷ്ടമായിരുന്നു. ഇതിനിടെ, ഈ ടൂർണമെന്റിൽ രണ്ട് മത്സരങ്ങളിൽ നിന്നായി അഞ്ച് ഗോളുകൾ അടിച്ചുകൂട്ടിയ മെസി മികച്ച ഫോമിലാണ്.
തനിക്കെതിരായ വിമർശനങ്ങൾക്കിടയിലും, “നമ്മൾ ആഗ്രഹിച്ച തുടക്കമല്ല ഇത്, പക്ഷേ പോരാട്ടം അവസാനിച്ചിട്ടില്ല. തലയുയർത്തി പിടിച്ച് അടുത്ത മത്സരത്തിൽ ശ്രദ്ധിക്കാം” എന്ന കുറിപ്പിലൂടെ താരം തന്റെ മനോഭാവം വ്യക്തമാക്കി.
പരിശീലന ചിത്രങ്ങൾ പങ്കുവെച്ച് ‘മിഷനിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു’ എന്നും താരം കുറിച്ചു. അതേസമയം, റൊണാൾഡോ ഫോമിലല്ലെങ്കിലും ഉസ്ബെക്കിസ്ഥാൻ പരിശീലകനും ഇറ്റാലിയൻ ഇതിഹാസവുമായ ഫാബിയോ കന്നവാരോ അതീവ ജാഗ്രതയിലാണ്.
“ബോക്സിനുള്ളിൽ റൊണാൾഡോയെപ്പോലൊരു കളിക്കാരനെ ഒറ്റയ്ക്ക് വിടാൻ ഞങ്ങൾക്ക് കഴിയില്ല. ഫ്രീ കിക്കിലൂടെയോ കോർണറിലൂടെയോ ഏത് സാഹചര്യത്തിലും ഗോളടിക്കാൻ കെൽപ്പുള്ളവനാണ് ക്രിസ്റ്റ്യാനോ.
അതിനാൽ ഞങ്ങളുടെ കളിക്കാർ അതീവ ജാഗ്രത പുലർത്തണം,” കന്നവാരോ മുന്നറിയിപ്പ് നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

