മലമ്പുഴ ജലശുദ്ധീകരണ ശാലയിലേക്കുള്ള വൈദ്യുതി വിതരണം തടസ്സമില്ലാതെ ഉറപ്പാക്കാൻ ലക്ഷ്യമിട്ട് ജല അതോറിറ്റി പുതിയ പദ്ധതിയുമായി രംഗത്ത്. വൈദ്യുതി തടസ്സം മൂലം കുടിവെള്ള വിതരണം മുടങ്ങുന്നത് ഒഴിവാക്കാൻ പ്രത്യേക ഫീഡറും ഭൂമിക്കടിയിലൂടെയുള്ള കേബിൾ സംവിധാനവും നടപ്പിലാക്കണമെന്നാണ് അതോറിറ്റിയുടെ ആവശ്യം.
ഇതിനായി ആവശ്യമായ എസ്റ്റിമേറ്റ് തയ്യാറാക്കി സമർപ്പിക്കാൻ കെഎസ്ഇബി-യോട് ജല അതോറിറ്റി ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടുണ്ട്. കാലവർഷക്കാലത്തും ശക്തമായ കാറ്റിലും മരങ്ങൾ വീണ് വൈദ്യുതി ബന്ധം തകരാറിലാകുന്നത് മലമ്പുഴ പ്ലാന്റിന്റെ പ്രവർത്തനത്തെ സാരമായി ബാധിക്കാറുണ്ട്.
ഏതാനും മണിക്കൂറുകൾ പമ്പിങ് മുടങ്ങിയാൽ പോലും ജലവിതരണ ശൃംഖല പൂർവസ്ഥിതിയിലാക്കാൻ ദിവസങ്ങളോളം കാത്തിരിക്കേണ്ടി വരുന്ന സാഹചര്യമാണുള്ളത്. നിലവിൽ കെഎസ്ഇബി ഉദ്യോഗസ്ഥർ അടിയന്തരമായി ഇടപെട്ടാണ് തകരാറുകൾ പരിഹരിക്കുന്നത്.
എന്നാൽ, ശാശ്വത പരിഹാരമെന്ന നിലയിലാണ് ഭൂഗർഭ കേബിൾ പദ്ധതി മുന്നോട്ട് വെക്കുന്നത്. കെഎസ്ഇബി നൽകുന്ന എസ്റ്റിമേറ്റിന്റെ അടിസ്ഥാനത്തിൽ വിശദമായ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കാനാണ് ജല അതോറിറ്റിയുടെ തീരുമാനം.
പാലക്കാട് നഗരസഭയിലേക്കും മലമ്പുഴ, അകത്തേത്തറ, പുതുപ്പരിയാരം, പിരായിരി, മരുതറോഡ് എന്നീ പഞ്ചായത്തുകളിലേക്കും കുടിവെള്ളം എത്തിക്കുന്നത് ഈ പ്ലാന്റിൽ നിന്നാണ്. മഴ കുറഞ്ഞതിനെ തുടർന്ന് മലമ്പുഴ ഡാമിലെ ജലനിരപ്പിൽ വലിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.
115.06 മീറ്ററാണ് ഡാമിന്റെ പരമാവധി സംഭരണശേഷിയെങ്കിൽ ഇന്നലത്തെ കണക്കുകൾ പ്രകാരം ജലനിരപ്പ് 104.01 മീറ്ററായി താഴ്ന്നു. വെള്ളത്തിന്റെ ഗാഢത വർധിക്കുന്നതും ജൈവമാലിന്യങ്ങൾ അടിഞ്ഞുകൂടുന്നതും ശുദ്ധീകരണ പ്ലാന്റിലെ പ്രവർത്തനങ്ങൾക്ക് വെല്ലുവിളിയാകുന്നുണ്ട്.
ഇതിന്റെ ഭാഗമായി പ്ലാന്റുകളിൽ പ്രാണിശല്യം വർധിച്ചതായും റിപ്പോർട്ടുകളുണ്ട്. മഴ ശക്തമായി ജലനിരപ്പ് ഉയർന്നാൽ മാത്രമേ ഈ പ്രശ്നങ്ങൾക്ക് പരിഹാരമാകൂ എന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന സൂചന.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

