ആലപ്പുഴയിലെ വിവാദമായ ‘രക്ഷാപ്രവർത്തന’ കേസിലെ അന്വേഷണം അട്ടിമറിച്ച സംഭവത്തിൽ എഡിജിപി എം ആർ അജിത് കുമാറിനെതിരെ ഡിജിപി തലത്തിലുള്ള ഉന്നത അന്വേഷണം നടന്നേക്കും. കേസന്വേഷണത്തിൽ ഗുരുതരമായ ഇടപെടലുകൾ ഉണ്ടായതായി പ്രത്യേക അന്വേഷണ സംഘം (എസ് ഐ ടി) കണ്ടെത്തിയതോടെയാണ് നടപടികൾ വേഗത്തിലാകുന്നത്.
എസ് ഐ ടി മേധാവിയായ എസ് പി ഷൗക്കത്തലി സംഭവത്തിന്റെ വിശദമായ റിപ്പോർട്ട് ഇന്നലെ നേരിട്ട് സംസ്ഥാന പോലീസ് മേധാവിക്ക് കൈമാറി. എം ആർ അജിത് കുമാറിനെതിരെ വ്യക്തമായ തെളിവുകളും സംശയങ്ങളും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ടെങ്കിലും, തുടർനടപടികൾ സംബന്ധിച്ച ശിപാർശകൾ ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല.
ഇക്കാര്യത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്നുള്ള നിർണായക തീരുമാനമാണ് ഇനി ഉണ്ടാവേണ്ടത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നവകേരള യാത്രയ്ക്കിടെ പ്രതിഷേധിച്ച കെ എസ് യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ സുരക്ഷാ ഉദ്യോഗസ്ഥർ മർദ്ദിച്ച കേസിലാണ് അന്വേഷണം അട്ടിമറിക്കപ്പെട്ടതായി കണ്ടെത്തിയത്.
കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ എഡിജിപിയുടെ ഓഫീസിലേക്ക് നേരിട്ട് വിളിച്ചുവരുത്തി കേസ് ഡയറിയിൽ തിരുത്തലുകൾ വരുത്തിയെന്നാണ് മുൻ അന്വേഷണ സംഘം എസ് ഐ ടിക്ക് നൽകിയ മൊഴി. എഡിജിപിയുടെ അറിവോടെ ഗ്രേഡ് എസ് ഐ മാരായ ഗിരീഷ്, ശ്രീകാന്ത് എന്നിവർ ചേർന്ന് രേഖകളിൽ കൃത്രിമം കാണിക്കുകയും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് ആരോപണം.
ചോദ്യം ചെയ്യലിൽ ഗ്രേഡ് എസ് ഐ മാർ കുറ്റം സമ്മതിച്ചതിനെ തുടർന്ന്, എസ് ഐ ടി എഡിജിപിയുടെ ഓഫീസിൽ പരിശോധന നടത്തിയിരുന്നു. സന്ദർശക രജിസ്റ്റർ, സിസിടിവി ദൃശ്യങ്ങൾ, കമ്പ്യൂട്ടറുകൾ എന്നിവയിൽ നിന്ന് ശാസ്ത്രീയമായ തെളിവുകൾ സംഘം ശേഖരിച്ചു.
അന്വേഷണ സംഘം തിരുവനന്തപുരത്തെത്തിയ ദിവസം എഡിജിപി ഓഫീസിൽ ഉണ്ടായിരുന്നുവെന്നും എസ് ഐ ടി സ്ഥിരീകരിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

