മുംബൈ: പാർട്ടിയിൽ നടന്ന കൂറുമാറ്റങ്ങളിൽ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് ശിവസേന (ഉദ്ധവ് താക്കറെ വിഭാഗം) അധ്യക്ഷൻ ഉദ്ധവ് താക്കറെ. മറാത്തി ജനതയുടെ അവകാശങ്ങൾ സംരക്ഷിക്കാനായി പടുത്തുയർത്തിയ ശിവസേന ഒന്നുമാത്രമേയുള്ളൂ എന്ന് അദ്ദേഹം വ്യക്തമാക്കി.
പാർട്ടിയിലെ ജനപ്രതിനിധികൾ കൂട്ടത്തോടെ കൂറുമാറിയത് ശിവസേനയ്ക്ക് വലിയ തിരിച്ചടിയായ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. പാർട്ടിയുടെ നിലപാട് വ്യക്തമാക്കിക്കൊണ്ട് ഉദ്ധവ് താക്കറെ പറഞ്ഞതിങ്ങനെ: ‘‘മറാത്തി ജനതയുടെ അവകാശ സംരക്ഷണാർഥമാണ് ശിവസേനയുടെ രാഷ്ട്രീയ പാരമ്പര്യം കെട്ടിപ്പടുത്തിട്ടുള്ളത്.
അതുകൊണ്ടുതന്നെ ശിവസേന ഒന്നേയുള്ളൂ. 2024 ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സഖ്യത്തിനെതിരെ പൊരുതിയിട്ടും ജനപിന്തുണയോടെ ഞങ്ങൾ വിജയം നേടി.
എന്നാൽ ഇപ്പോൾ അധികാരത്തിനും പണത്തിനും വേണ്ടി കൂറുമാറിയ ഈ എംപിമാർ പാർട്ടിയെയും ജനങ്ങളെയുമാണ് വഞ്ചിച്ചിരിക്കുന്നത്.’’ ഹിംഗോളി എംപി നാഗേഷ് പാട്ടീൽ അഷ്ടികർ, ധാരാശിവ് എംപി ഓംരാജെ നിംബാൽക്കർ എന്നിവർ ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയിൽ ചേർന്നതായി ഔദ്യോഗികമായി സ്ഥിരീകരിച്ചു. ജൂൺ 18-ന് ശേഷം തങ്ങളെയും മറ്റ് എംപിമാരെയും ലക്ഷ്യമാക്കി നടന്ന പരാമർശങ്ങളാണ് ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിൽ തുടരേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് നയിച്ചതെന്ന് നാഗേഷ് പാട്ടീൽ അഷ്ടികർ വ്യക്തമാക്കി.
സമൂഹ മാധ്യമത്തിലൂടെ പുറത്തുവിട്ട വിഡിയോ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം വിശദീകരിച്ചത്.
മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾക്കായി ഫണ്ട് ലഭ്യമാക്കുന്നതിലുണ്ടായ തടസ്സങ്ങളും പാർട്ടി വിടാൻ കാരണമായതായി അദ്ദേഹം കൂട്ടിച്ചേർത്തു. ‘‘ജനങ്ങൾ വലിയ പ്രതീക്ഷയോടെയാണ് ഞങ്ങളെ തിരഞ്ഞെടുത്തത്.
അവരുടെ പ്രശ്നങ്ങൾ പരിഹരിക്കേണ്ടത് എന്റെ ഉത്തരവാദിത്തമാണ്. എന്നാൽ വികസന ഫണ്ട് ലഭിക്കുന്നില്ല.
ഈ സാഹചര്യങ്ങൾ കണക്കിലെടുത്താണ് ഞാൻ പാർട്ടി വിടാൻ തീരുമാനിച്ചത്. ജനങ്ങൾക്കായി തുടർന്നും പ്രവർത്തിക്കും.
അവർ ഏൽപ്പിച്ച ഉത്തരവാദിത്തം നിറവേറ്റും’’- അഷ്ടികർ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

