അറ്റ്ലാന്റയിൽ നടന്ന ലോകകപ്പ് ഫുട്ബോൾ മത്സരത്തിൽ സൗദിക്കെതിരെ സ്പെയിനിന് ഏകപക്ഷീയമായ വിജയം. നാല് ഗോളുകൾക്ക് സൗദിയെ തകർത്തുകൊണ്ട് സ്പെയിൻ തങ്ങളുടെ നോക്ക് ഔട്ട് പ്രതീക്ഷകൾ സജീവമാക്കി.
മത്സരത്തിന്റെ തുടക്കം മുതൽ തന്നെ സ്പെയിൻ മികച്ച ആക്രമണ ഫുട്ബോളാണ് പുറത്തെടുത്തത്. പത്താം മിനിറ്റിൽ ഒയാർസബാലിന്റെ പാസിൽ നിന്നും യമാൽ ആദ്യ ഗോൾ നേടി സ്പെയിനിന്റെ വിജയത്തിന് തുടക്കമിട്ടു.
തുടർന്ന് 21, 24 മിനിറ്റുകളിൽ ഒയാർസബാൽ രണ്ട് ഗോളുകൾ കൂടി നേടിയതോടെ സ്പെയിൻ ലീഡ് മൂന്നായി ഉയർത്തി. ആദ്യ പകുതിയിൽ തന്നെ മത്സരത്തിന്റെ നിയന്ത്രണം പൂർണ്ണമായും തങ്ങളുടെ കൈപ്പിടിയിലൊതുക്കാൻ സ്പെയിനിന് സാധിച്ചു.
രണ്ടാം പകുതിയിൽ മാർക് കുക്കുറയ തൊടുത്ത ഷോട്ട് തടയാൻ ശ്രമിക്കുന്നതിനിടെ സൗദിയുടെ ഹസ്സൻ അലട്ടാമ്പക്റ്റി അബദ്ധത്തിൽ സ്വന്തം പോസ്റ്റിലേക്ക് പന്തടിച്ചുകയറ്റുകയായിരുന്നു. മത്സരത്തിലുടനീളം പത്തോളം ഓൺ ടാർഗറ്റ് ഷോട്ടുകളാണ് സ്പെയിൻ തൊടുത്തത്.
ആദ്യ മത്സരത്തിൽ കേപ് വെർദെയോട് സമനില വഴങ്ങിയ സ്പെയിനിന് ഇന്നത്തെ വിജയം അനിവാര്യമായിരുന്നു. ആദ്യ ഇലവനിൽ മൂന്ന് മാറ്റങ്ങൾ വരുത്തിയാണ് ടീം കളത്തിലിറങ്ങിയത്.
യമാൽ, ഡാനി ഓൾമോ, അലക്സ് ബേന എന്നിവർ ഇന്ന് ആദ്യ ഇലവനിൽ ഇടംപിടിച്ചു. ഗ്രൂപ്പിലെ നിർണ്ണായകമായ അടുത്ത മത്സരത്തിൽ ഉറുഗ്വായ് ആണ് സ്പെയിനിന്റെ എതിരാളികൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

