സംസ്ഥാനത്തെ ജനപ്രിയ മദ്യ ബ്രാൻഡായ ജവാന്റെ ഉൽപാദനം തടസ്സപ്പെട്ടത് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ കെടുകാര്യസ്ഥത മൂലമാണെന്ന് എക്സൈസ് മന്ത്രി എം ലിജു വ്യക്തമാക്കി. ആവശ്യമായ കുപ്പികൾ ലഭ്യമല്ലാത്തതാണ് ഉൽപാദനം നിലയ്ക്കാൻ പ്രധാന കാരണമായി മാറിയത്.
ഈ പ്രതിസന്ധി ഘട്ടം കൃത്യസമയത്ത് സർക്കാരിനെ അറിയിക്കുന്നതിൽ ഉദ്യോഗസ്ഥതലത്തിൽ വലിയ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും, ഇതിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. നിലവിൽ ജവാന്റെ നിർമ്മാണം ഉടൻ പുനരാരംഭിക്കുന്നതിനുള്ള അടിയന്തര നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മുൻ എക്സൈസ് മന്ത്രി എം ബി രാജേഷ് മുൻകൈയെടുത്ത് പ്രഖ്യാപിച്ച ‘മിന്നൽ മാജിക്ക്’ എന്ന മദ്യ ബ്രാൻഡിന്റെ ഭാവി സംബന്ധിച്ചും മന്ത്രി വ്യക്തത വരുത്തി. 17 കോടി രൂപ ചെലവിൽ പുതിയ യന്ത്രങ്ങൾ സ്ഥാപിച്ചെങ്കിലും, ഈ പദ്ധതിയുമായി മുന്നോട്ട് പോകണോ എന്ന കാര്യത്തിൽ വിശദമായ പരിശോധനയ്ക്ക് ശേഷമേ അന്തിമ തീരുമാനമെടുക്കുകയുള്ളൂ.
നിലവിൽ പദ്ധതിയുടെ കാര്യത്തിൽ സർക്കാർ അനിശ്ചിതത്വം തുടരുകയാണ്. യന്ത്രങ്ങൾ ലഭ്യമാണെങ്കിലും ഉൽപാദനം തുടങ്ങുന്നതിനെക്കുറിച്ച് അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് മന്ത്രി എം ലിജു പറഞ്ഞു.
ഈ പദ്ധതിക്ക് പൂട്ട് വീഴുമോ എന്ന ആശങ്കയാണ് ഇതിലൂടെ ഉയരുന്നത്. മുൻ സർക്കാരിന്റെ കാലത്ത് ജനങ്ങളിൽ നിന്ന് പേര് നിർദ്ദേശങ്ങൾ അടക്കം തേടി വലിയ പ്രചാരണം നൽകിയ പദ്ധതിയായിരുന്നു ഇത്.
അതോടൊപ്പം വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളിലും മന്ത്രി പ്രതികരിച്ചു.
എക്സൈസ് വകുപ്പ് ഇതുവരെ നയപരമായ ഒരു തീരുമാനവും കൈക്കൊണ്ടിട്ടില്ലെന്നും, വീര്യം കുറഞ്ഞ മദ്യം വിപണിയിൽ എത്തിക്കുമോ എന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ട്രാവൻകൂർ ഷുഗേഴ്സ് ലിമിറ്റഡിന്റെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി, കാര്യക്ഷമതയില്ലാത്ത പ്രവർത്തനമാണ് ജവാൻ മദ്യത്തിന്റെ ലഭ്യതക്കുറവിന് ഇടയാക്കിയതെന്നും ആവർത്തിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

