ജൂൺ 21-ന് ഞായറാഴ്ച നടക്കുന്ന നീറ്റ് യുജി പരീക്ഷയുടെ സുഗമമായ നടത്തിപ്പിനായി കോട്ടയം ജില്ലയിലെ വിവിധ പരീക്ഷാ കേന്ദ്രങ്ങളിൽ ജില്ലാ കലക്ടർ ചേതൻകുമാർ മീണ നേരിട്ടെത്തി പരിശോധന നടത്തി. ബേക്കർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ, ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂൾ, വടവാതൂർ പിഎംശ്രീ കേന്ദ്രീയ വിദ്യാലയം, പുതുപ്പള്ളി സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലായിരുന്നു കലക്ടറുടെ നേതൃത്വത്തിലുള്ള പരിശോധന.
പരീക്ഷാർഥികൾക്കായി ക്രമീകരിച്ചിരിക്കുന്ന റജിസ്ട്രേഷൻ നടപടികൾ, പരീക്ഷാ ഹാളുകളിലെ സൗകര്യങ്ങൾ, കുടിവെള്ള ലഭ്യത, അടിയന്തര വൈദ്യസഹായ സംവിധാനങ്ങൾ എന്നിവ അദ്ദേഹം നേരിട്ട് വിലയിരുത്തി. പരീക്ഷാ ദിനത്തിൽ നഗരത്തിലുൾപ്പെടെയുള്ള റോഡുകളിൽ ഗതാഗത തടസ്സങ്ങൾ ഒഴിവാക്കാൻ കർശനമായ നടപടികൾ സ്വീകരിക്കണമെന്ന് അദ്ദേഹം പൊലീസിന് നിർദേശം നൽകി.
ജില്ലയിലെ ആകെ 25 കേന്ദ്രങ്ങളിലായാണ് പരീക്ഷ നടക്കുന്നത്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി പൊലീസിനു പുറമെ സിആർപിഎഫ്, റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് സേനാംഗങ്ങളെയും വിന്യസിച്ചിട്ടുണ്ട്.
ബാങ്കുകളിൽ സൂക്ഷിച്ചിരിക്കുന്ന ചോദ്യപേപ്പർ അതീവ സുരക്ഷയോടെ പരീക്ഷാ കേന്ദ്രങ്ങളിൽ എത്തിക്കും. ഉച്ചയ്ക്ക് രണ്ട് മണി മുതൽ 5.15 വരെയാണ് പരീക്ഷ നടക്കുന്നത്.
പരിശോധനാ വേളയിൽ എഡിഎം സോളി ആന്റണി, കോട്ടയം ആർഡിഒ നിജു കുര്യൻ, തഹസിൽദാർ കെ.എസ്.സതീശൻ, സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി ടിപ്സൺ തോമസ്, ഹൊസൂർ ശിരസ്തദാർ പി.വി.ജയേഷ്, നീറ്റ് പരീക്ഷയുടെ സിറ്റി കോഓർഡിനേറ്റർ ജോളി വിൻസന്റ് എന്നിവരും കലക്ടറുടെ സംഘത്തിലുണ്ടായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

