മഹാരാഷ്ട്രയിലെ ലോണാവാലയ്ക്ക് സമീപമുള്ള ചരിത്രപ്രസിദ്ധമായ ലോഹഗഡ് കോട്ടയിൽ ഉണ്ടായ ദാരുണമായ അപകടത്തിൽ 26 വയസ്സുകാരനായ കേതൻ വിശാൽ അഗർവാൾ മരണപ്പെട്ടു. വ്യാഴാഴ്ച രാവിലെയാണ് സംഭവം നടന്നത്.
തന്റെ പ്രതിശ്രുത വധുവിന്റെ പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി സുഹൃത്തുക്കളോടൊപ്പം കോട്ട സന്ദർശിക്കാനെത്തിയതായിരുന്നു യുവാവ്.
പൂനെയിലെ ഗഹുഞ്ജെ സ്വദേശിയായ കേതൻ, കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള റിയൽ എസ്റ്റേറ്റ് ബിസിനസിന്റെ ഡയറക്ടറായി പ്രവർത്തിച്ചു വരികയായിരുന്നു. വരാനിരിക്കുന്ന നവംബറിൽ ഇദ്ദേഹത്തിന്റെ വിവാഹം നടത്താൻ നിശ്ചയിച്ചിരുന്നു.
ഇതിനായി രാജസ്ഥാനിലെ ഉദയ്പൂരിലുള്ള ഒരു കൊട്ടാരം കുടുംബാംഗങ്ങൾ നേരത്തെ തന്നെ ബുക്ക് ചെയ്തിരുന്നു. വ്യാഴാഴ്ച രാവിലെ 10.30 ഓടെ കോട്ടയിലെ കുത്തനെയുള്ള പാറക്കെട്ടിന് സമീപം നിന്ന് മഞ്ഞു മൂടിയ പശ്ചാത്തലത്തിൽ ഫോട്ടോ എടുക്കുന്നതിനിടെ കേതന്റെ കാൽ വഴുതുകയായിരുന്നു.
പ്രദേശത്ത് വീശിയടിച്ച ശക്തമായ കാറ്റിൽ നിയന്ത്രണം നഷ്ടപ്പെട്ടാണ് അദ്ദേഹം 400 അടി താഴ്ചയുള്ള കൊക്കയിലേക്ക് പതിച്ചതെന്ന് ലോണാവാല റൂറൽ പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ ദിനേഷ് തായ്ഡെ വ്യക്തമാക്കി. ഒപ്പമുണ്ടായിരുന്നവർക്ക് അപകടം തടയാൻ സാധിച്ചില്ല.
വിവരമറിഞ്ഞ ഉടൻ ലോണാവാല റൂറൽ പൊലീസും ശിവദുർഗ് മിത്ര എമർജൻസി റെസ്ക്യൂ ടീം അംഗങ്ങളും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ദുർഘടമായ ഭൂപ്രകൃതിയും നിബിഡമായ കാടും നിറഞ്ഞ താഴ്വരയിൽ മൂന്ന് മണിക്കൂറോളം നീണ്ട
കഠിനമായ പരിശ്രമത്തിനൊടുവിലാണ് മൃതദേഹം കണ്ടെത്താനായത്. തുടർന്ന് പോസ്റ്റ്മോർട്ടം നടപടികൾക്കായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളതും, ഛത്രപതി ശിവാജി മഹാരാജാവുമായി ചരിത്രപരമായ ബന്ധമുള്ളതുമായ മഹാരാഷ്ട്രയിലെ പ്രധാന കോട്ടകളിലൊന്നാണ് ലോഹഗഡ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

