യൂ എസിലെ കന്‍സാസ് സിറ്റിയിൽ അരങ്ങേറിയ 2026 ഫിഫ ലോകകപ്പ് ഗ്രൂപ്പ് മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയോട് എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് പരാജയപ്പെട്ടതിന് പിന്നാലെ, റഫറിയിങ്ങിലെ ഗുരുതരമായ പിഴവുകൾ ചൂണ്ടിക്കാണിച്ച് അൽജീരിയ അന്താരാഷ്ട്ര ഫുട്ബോൾ ഫെഡറേഷനെ (ഫിഫ) ഔദ്യോഗികമായി സമീപിച്ചു. സൂപ്പർ താരം ലയണൽ മെസിക്ക് ആദ്യ പകുതിയിൽ നേരിട്ട് ചുവപ്പ് കാർഡ് നൽകേണ്ട
ഫൗളിൽ റഫറിമാർ നിസ്സംഗത പാലിച്ചതും മറ്റ് വിവാദ തീരുമാനങ്ങളുമാണ് പരാതിക്ക് ആധാരം. മത്സരത്തിൽ മെസിയുടെ ഹാട്രിക് മികവിലാണ് അർജന്റീന ജയം സ്വന്തമാക്കിയത് എങ്കിലും കളിക്കളത്തിലെ തർക്കങ്ങളാണ് ഇപ്പോൾ വലിയ ചർച്ചയാകുന്നത്.
കളിയുടെ ആദ്യ പകുതിയിൽ അർജന്റീന ക്യാപ്റ്റൻ മെസിയും അൽജീരിയൻ നായകൻ ഐസ മാൻഡിയും ഉൾപ്പെട്ട ഫൗളിനെച്ചൊല്ലിയാണ് പ്രധാനമായും തർക്കം ഉയരുന്നത്.
പോളിഷ് റഫറി സൈമൺ മാർസിനിയാക് നയിച്ച റഫറിയിങ് പാനലിനെതിരെ അൽജീരിയൻ ഫുട്ബോൾ ഫെഡറേഷൻ ഫിഫയുടെ റഫറിയിങ് കമ്മീഷന് ഔദ്യോഗികമായി കത്ത് നൽകിയതായി അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. “മെസ്സിയുടെ ഫൗളാണ് പരാതിയിലെ പ്രധാന വിഷയം, അതിന് തീര്‍ച്ചയായും ഒരു ചുവപ്പ് കാര്‍ഡ് നല്‍കേണ്ടതായിരുന്നു.” എന്ന് അൽജീരിയൻ ഫുട്ബോൾ ഫെഡറേഷൻ വൃത്തങ്ങൾ വാർത്താ ഏജൻസിയായ എഎഫ്പിയോട് പ്രതികരിച്ചു.
“അര്‍ജന്റീന മികച്ച ടീമല്ല എന്ന് ഞങ്ങള്‍ പറയുന്നില്ല, എന്നാല്‍ ചില സംഭവങ്ങള്‍ അന്യായമായി കൈകാര്യം ചെയ്യപ്പെട്ടുവെന്ന് തോന്നുമ്പോള്‍ ഞങ്ങള്‍ക്ക് മിണ്ടാതിരിക്കാനാവില്ല. കര്‍ശന നടപടി അര്‍ഹിക്കുന്ന മൂന്ന് സാഹചര്യങ്ങള്‍ ഉണ്ടായിരുന്നു, അതിലൊന്നില്‍ പോലും വിഎആര്‍ ഇടപെട്ടില്ല.” എന്നും അവർ സമർപ്പിച്ച പരാതിയിൽ വ്യക്തമാക്കുന്നു.
മറ്റു തർക്കങ്ങളും വിഎആർ നിശ്ശബ്ദതയും മെസിയുടെ ഫൗൾ മാത്രമല്ല അൽജീരിയൻ ടീം ചൂണ്ടിക്കാണിക്കുന്നത്. മത്സരത്തിന്റെ രണ്ടാം പകുതിയിൽ പന്ത് പിടിച്ചെടുക്കാനുള്ള ശ്രമത്തിനിടയിൽ അർജന്റൈൻ താരം അലക്സിസ് മാക് അലിസ്റ്റർ, അൽജീരിയയുടെ ഇബ്രാഹിം മാസ്സയെ കൈമുട്ട് കൊണ്ട് ഇടിച്ച സംഭവവും ഫെഡറേഷൻ ഫിഫയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.
ആദ്യ പകുതിയുടെ മധ്യത്തിലാണ് നാടകീയമായ ആ സംഭവം അരങ്ങേറിയത്. അൽജീരിയൻ ക്യാപ്റ്റൻ മാൻഡിയുടെ കാലിലേക്ക് മെസി പിന്നിൽ നിന്ന് ബൂട്ടുയർത്തി ചവിട്ടുകയായിരുന്നു.
ഇതോടെ അൽജീരിയൻ താരങ്ങൾ കാർഡിനായി വാദിച്ചെങ്കിലും റഫറിയോ വീഡിയോ അസിസ്റ്റന്റ് റഫറിയോ (VAR) ദൃശ്യങ്ങൾ പുനഃപരിശോധിക്കാൻ തയ്യാറായില്ല. ഈ സംഭവം വലിയ വിവാദങ്ങൾക്ക് വഴിതെളിച്ചിട്ടുണ്ട്.
ഹ്യൂഗോ ബ്രൂസിന്റെ പ്രതികരണം ഈ റഫറിയിങ് വിവാദത്തിൽ ദക്ഷിണാഫ്രിക്കൻ പരിശീലകൻ ഹ്യൂഗോ ബ്രൂസ് പ്രതികരണവുമായി രംഗത്തെത്തി. ടൂർണമെന്റിൽ നേരത്തെ തന്റെ ടീമിലെ മിഡ്ഫീൽഡർ തെംബ സ്വാൻ സമാനമായ രീതിയിൽ ഫൗൾ ചെയ്തതിന് മൂന്ന് മത്സരങ്ങളിൽ നിന്ന് വിലക്കേർപ്പെടുത്തിയ കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി.
“മെസ്സിയുടെ കാര്യത്തില്‍ സംഭവിച്ചത് കാണുമ്പോള്‍, എന്റെ കളിക്കാരന് ലഭിച്ച ശിക്ഷയോട് എനിക്ക് യോജിക്കാന്‍ കഴിയുന്നില്ല. മെസ്സിയെപ്പോലുള്ള മികച്ച കളിക്കാര്‍ മൈതാനത്ത് തുടരണമെന്നാണ് എന്റെയും ആഗ്രഹം, എന്നാല്‍ ഈ രണ്ട് സംഭവങ്ങളും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാന്‍ എനിക്ക് കഴിയുന്നില്ല,” എന്ന് ബ്രൂസ് പ്രതികരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

