കണ്ണൂർ ജില്ലയിലെ ഇരിട്ടി വാണിയപ്പാറ ഇൻഫന്റ് ജീസസ് പള്ളി സെമിത്തേരിയിൽ പായയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ നിലനിന്നിരുന്ന ആശങ്കകൾ പരിഹരിക്കപ്പെട്ടു. സെമിത്തേരി നവീകരണത്തിന്റെ ഭാഗമായി കല്ലറകളുടെ നമ്പറുകളിൽ ഉണ്ടായ മാറ്റമാണ് ആശയക്കുഴപ്പത്തിന് കാരണമായതെന്ന് പൊലീസ് സ്ഥിരീകരിച്ചു.
ഈ മാസം 13-ാം തീയതി കല്ലറ തുറന്നപ്പോഴാണ് പെട്ടിയിൽ അടക്കം ചെയ്ത മൃതദേഹത്തിന് പുറമെ പായയിൽ പൊതിഞ്ഞ മറ്റൊരു മൃതദേഹം കൂടി ശ്രദ്ധയിൽപ്പെട്ടത്. ഇതേതുടർന്ന് പള്ളി അധികൃതരും നാട്ടുകാരും വലിയ സംശയങ്ങൾ പ്രകടിപ്പിച്ചിരുന്നു.
ക്രിസ്തീയ ആചാരപ്രകാരം പായയിൽ പൊതിഞ്ഞ് മൃതദേഹം സംസ്കരിക്കാറില്ല എന്നതും സംഭവത്തിന്റെ ഗൗരവം വർധിപ്പിച്ചു. പള്ളിയിലെ മരണ രജിസ്റ്ററിൽ വ്യക്തത ലഭിക്കാതെ വന്നതോടെ പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു.
തുടർന്നുള്ള അന്വേഷണത്തിലാണ് 2006-ലും 2015-ലും ഈ കല്ലറയിൽ മൃതദേഹങ്ങൾ സംസ്കരിച്ചിരുന്നതായി കണ്ടെത്തിയത്. 2015-ൽ രക്തം ഛർദിച്ച് മരിച്ച വ്യക്തിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം പായയിൽ പൊതിഞ്ഞ് സംസ്കരിച്ചിരുന്നു എന്നതിന്റെ തെളിവുകൾ പൊലീസിന് ലഭിച്ചു.
അക്കാലത്തെ സംസ്കാര ചടങ്ങുകളുടെ ചിത്രങ്ങളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. 2019-ന് ശേഷം നടന്ന സെമിത്തേരി നവീകരണത്തിനിടയിൽ കല്ലറകൾക്ക് പുതിയ ക്രമനമ്പറുകൾ നൽകിയതാണ് തെറ്റിദ്ധാരണയ്ക്ക് വഴിയൊരുക്കിയത്.
സെമിത്തേരിയിൽ ഇതുവരെ 93 പേരെയാണ് സംസ്കരിച്ചിട്ടുള്ളത്. എല്ലാ ബന്ധുക്കളിൽ നിന്നും വിവരങ്ങൾ ശേഖരിക്കുകയും ഔദ്യോഗിക രേഖകൾ പരിശോധിക്കുകയും ചെയ്തതോടെ മൃതദേഹത്തിന്റെ കാര്യത്തിൽ നിലനിന്നിരുന്ന ദുരൂഹത പൂർണ്ണമായും നീങ്ങിയതായി പൊലീസ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

