പശ്ചിമേഷ്യയിൽ സമാധാനം പുനസ്ഥാപിക്കുന്നതിന്റെ ഭാഗമായി ഇറാനും അമേരിക്കയും വെടിനിർത്തൽ ധാരണയിൽ എത്തിയതിനെത്തുടർന്ന്, അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വിലയിൽ ഉണ്ടായ ഇടിവിന്റെ ഗുണഫലം പാക്കിസ്ഥാൻ ജനതയ്ക്കും ലഭ്യമാകുന്നു. പാക്കിസ്ഥാനിലെ പെട്രോൾ വിലയിൽ ലീറ്ററിന് 74 രൂപയും ഡീസൽ വിലയിൽ 67 രൂപയും കുറയ്ക്കുന്നതായി പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് ഔദ്യോഗികമായി പ്രഖ്യാപിച്ചു.
ഈ തീരുമാനത്തോടെ പാക്കിസ്ഥാനിലെ പെട്രോൾ നിരക്ക് 299.78 രൂപയായും (ഏകദേശം 101 ഇന്ത്യൻ രൂപ) ഡീസൽ നിരക്ക് 311.78 രൂപയായും (ഏകദേശം 105 ഇന്ത്യൻ രൂപ) കുറഞ്ഞു. കഴിഞ്ഞ ഏപ്രിൽ 3-ന് ഇന്ധനവിലയിൽ ഉണ്ടായ കുത്തനെയുള്ള വർധനവ് രാജ്യത്തെ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചിരുന്നു.
അന്ന് പെട്രോൾ ലീറ്ററിന് 137.24 രൂപ വർധിച്ച് 458.4 രൂപയിലും, ഡീസൽ 184.49 രൂപ വർധിച്ച് 520.35 രൂപയിലുമെത്തിയിരുന്നു. ‘‘പശ്ചിമേഷ്യയിൽ സമാധാനം വരുന്നു.
ഹോർമുസ് തുറന്നു. എണ്ണവില കുറഞ്ഞു.
ഞങ്ങൾ വാക്കുപാലിക്കുകയാണ്’’ – ഷെഹബാസ് ഷെരീഫ് വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ ഓഫീസ് പ്രഖ്യാപനം നടത്തിയെങ്കിലും, സർക്കാർ തലത്തിലുള്ള അന്തിമ വിജ്ഞാപനം വരുന്ന മുറയ്ക്കായിരിക്കും പുതുക്കിയ വില പ്രാബല്യത്തിൽ വരിക.
നേരത്തെ 110-120 ഡോളർ വരെ എത്തിയ ക്രൂഡോയിൽ വില ഇപ്പോൾ 80 ഡോളറിന് താഴേക്ക് എത്തിയത് പാക്കിസ്ഥാന് വലിയ ആശ്വാസമാണ്. ഇന്ധന പ്രതിസന്ധി രൂക്ഷമായതോടെ രാജ്യം കടുത്ത പണപ്പെരുപ്പത്തെയും അഭിമുഖീകരിച്ചിരുന്നു.
സർക്കാർ ജീവനക്കാർക്ക് ‘വർക്ക് ഫ്രം ഹോം’ സൗകര്യം ഏർപ്പെടുത്താനും സ്കൂളുകൾ അനിശ്ചിതമായി അടച്ചിടാനും ഭരണകൂടം നിർബന്ധിതരായിരുന്നു. നിലവിലെ സാഹചര്യം വിലയിരുത്തി പ്രധാനമന്ത്രി സ്വീകരിച്ച നടപടികളെ പാക്കിസ്ഥാൻ സംയുക്ത സേനാ മേധാവി അസിം മുനീർ അഭിനന്ദിച്ചു.
അതേസമയം, സ്വിറ്റ്സർലൻഡിലെ ജനീവയിൽ നടക്കേണ്ടിയിരുന്ന സമാധാനക്കരാർ ഒപ്പിടൽ ചടങ്ങ് പ്രതിസന്ധിയിലായി. ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഇറാൻ നിലപാട് കടുപ്പിച്ചതോടെ കരാർ ഒപ്പിടുന്നത് നീട്ടിവെക്കുകയായിരുന്നു.
ഇത് ആഗോള വിപണിയിൽ വീണ്ടും അനിശ്ചിതത്വത്തിന് വഴിവെച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

