സംസ്ഥാന ബജറ്റിൽ റബർ താങ്ങുവിലയായി 250 രൂപ പ്രഖ്യാപിച്ച സർക്കാർ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി റബർ ബോർഡ് നിയുക്ത ചെയർമാൻ എൻ.ഹരി രംഗത്ത്. യുഡിഎഫ് സർക്കാർ കർഷകരെ വഞ്ചിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
നിലവിൽ രാജ്യാന്തര വിപണിയിൽ റബറിന്റെ വില 300 രൂപയിലേക്ക് കുതിക്കുമ്പോഴാണ് സർക്കാർ ഇത്തരമൊരു പ്രഖ്യാപനം നടത്തിയിരിക്കുന്നത്. വിഷയത്തിൽ എൻ.ഹരിയുടെ പ്രതികരണം ഇങ്ങനെ:
‘റബറിന് അടിസ്ഥാന വില 250 രൂപ എന്നു പ്രഖ്യാപിക്കുമ്പോൾ ആഗോള വിപണി വില 300 രൂപയിലെത്തിയത് മുഖ്യമന്ത്രിയും ധനകാര്യ വിദഗ്ധരും അറിഞ്ഞില്ലെന്ന് കരുതാനാവില്ല.
കേരളത്തിലെ മാർക്കറ്റുകളിൽ 270 രൂപയോളം വിലയുണ്ട്. ഫലത്തിൽ ഈ പ്രഖ്യാപനം കൊണ്ട് യാതൊരു ഗുണവും കർഷകർക്കില്ല.
വിപണി വിലയും താങ്ങുവിലയും തമ്മിലുള്ള വ്യത്യാസമാണ് കർഷകരുടെ ബാങ്ക് അക്കൗണ്ടിൽ ഉത്തേജക പാക്കേജായി ലഭിക്കുക. ഫലത്തിൽ ഒരു രൂപ പോലും ചെലവഴിക്കേണ്ടി വരില്ല.
കേന്ദ്രസർക്കാരിന്റെ ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികളും നടപടികളും റബർ വില ക്രമാനുഗതമായി ഉയർത്തുകയായിരുന്നു. മാർച്ചിൽ 230 രൂപയോളം വിപണി വില ഉണ്ടായിരുന്നത് കുതിച്ച് 300 എത്തുകയാണ് ഇപ്പോൾ.’ മാർച്ച് 30-ന് കോട്ടയത്ത് നടന്ന തിരഞ്ഞെടുപ്പ് കൺവൻഷനിൽ റബർ താങ്ങുവില 250 രൂപയായി ഉയർത്തുമെന്ന് രാഹുൽ ഗാന്ധി പ്രഖ്യാപിച്ചിരുന്നു.
ഇതേക്കുറിച്ച് പരാമർശിച്ചുകൊണ്ട് എൻ.ഹരി പറഞ്ഞതിങ്ങനെ:
‘റബർ താങ്ങുവില 250 രൂപയായി പ്രഖ്യാപിക്കുമെന്ന് രാഹുൽഗാന്ധി മാർച്ച് 30ന് കോട്ടയത്ത് നടന്ന തിരഞ്ഞെടുപ്പ് കൺവൻഷനിൽ പ്രഖ്യാപിച്ചിരുന്നു. ഇത് മന്ത്രിസഭയുടെ ആദ്യ തീരുമാനമായിരിക്കുമെന്നും അന്നു പറഞ്ഞു.
230 രൂപ കമ്പോള വില ഉണ്ടായിരുന്ന സമയത്താണ് ഈ പ്രഖ്യാപനം നടത്തിയത്. റബറിന്റെ വില 300 രൂപയെങ്കിലും ആകണമെന്ന് യുഡിഎഫിന്റെ ഘടകകക്ഷികൾ പോലും ആവശ്യപ്പെട്ടതായാണ് മനസ്സിലാക്കുന്നത്.
പക്ഷേ ഇതൊന്നും മനസ്സിലാക്കാനോ യാഥാർഥ്യ ബോധത്തോടെയുള്ള സമീപനം സ്വീകരിക്കാനോ യുഡിഎഫ് സർക്കാർ തയാറായിട്ടില്ല. ഇത്തരത്തിലുള്ള കൊടും വഞ്ചന ഇനിയെങ്കിലും സർക്കാർ അവസാനിപ്പിക്കണം.
കർഷകരെ എക്കാലവും വഞ്ചിക്കാൻ കഴിയില്ല’.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

