സംസ്ഥാന ബജറ്റിൽ ടൈപ്പ് വൺ പ്രമേഹം ബാധിച്ച കുട്ടികൾക്കായി നിർണ്ണായക പ്രഖ്യാപനങ്ങൾ ഇടംപിടിച്ചു. സർക്കാർ മുൻകൈയെടുത്ത് നടപ്പിലാക്കുന്ന മിഠായി പദ്ധതി കൂടുതൽ കാര്യക്ഷമമാക്കുന്നതിനും, ചികിത്സാ സംവിധാനങ്ങൾ ആധുനികവൽക്കരിക്കുന്നതിനും ബജറ്റിൽ തുക വകയിരുത്തി.
പദ്ധതിയുടെ ഭാഗമായി നൽകി വരുന്ന ഇൻസുലിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് കർശന നടപടികൾ സ്വീകരിക്കുമെന്ന് സർക്കാർ വ്യക്തമാക്കി. ഗുരുതരാവസ്ഥയിലുള്ള കുട്ടികൾക്കായി ഇൻസുലിൻ പമ്പുകൾ ലഭ്യമാക്കുന്നതിനൊപ്പം, രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായി നിരീക്ഷിക്കാൻ സഹായിക്കുന്ന കണ്ടിന്യൂയസ് ഗ്ലൂക്കോസ് മോണിറ്ററിങ് സെൻസറുകൾ വിതരണം ചെയ്യാനും തീരുമാനമായിട്ടുണ്ട്.
ഇൻസുലിൻ പമ്പുകൾ തദ്ദേശീയമായി നിർമ്മിക്കുന്നതിന് ആവശ്യമായ സാങ്കേതികവും സാമ്പത്തികവുമായ പിന്തുണ സർക്കാർ നൽകും. സംസ്ഥാനത്തുടനീളമുള്ള മിഠായി സാറ്റ്ലൈറ്റ് സെന്ററുകളിൽ എൻഡോക്രൈൻ വിദഗ്ധരുടെ സേവനം ഉറപ്പാക്കുമെന്നും ബജറ്റ് നിർദ്ദേശിക്കുന്നു.
നേരത്തെ വിതരണം ചെയ്ത മരുന്നുകളുടെ ഗുണനിലവാരത്തെച്ചൊല്ലി രക്ഷിതാക്കളിൽ നിന്നും പരാതികൾ ഉയർന്നിരുന്നു. കുട്ടികളിലെ പഞ്ചസാരയുടെ അളവിലുണ്ടാകുന്ന അമിത വ്യതിയാനങ്ങളും ശാരീരികമായ തളർച്ചയും വലിയ ആശങ്കകൾക്ക് വഴിവെച്ചിരുന്നു.
ഇത്തരം പരാതികൾ പരിഹരിച്ചുകൊണ്ട് ചികിത്സാ രംഗത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവരാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. 2018-ൽ ആരംഭിച്ച മിഠായി പദ്ധതിയിലൂടെ 18 വയസ്സിൽ താഴെയുള്ള ടൈപ്പ് വൺ പ്രമേഹ ബാധിതരായ കുട്ടികൾക്ക് മരുന്നും അനുബന്ധ ചികിത്സാ പിന്തുണയും ലഭ്യമാക്കുന്നുണ്ട്.
നിലവിൽ വാർഷിക വരുമാനം രണ്ട് ലക്ഷം രൂപയിൽ താഴെയുള്ള കുടുംബങ്ങളിലെ ഏകദേശം 2,000 കുട്ടികളാണ് ഈ പദ്ധതിയുടെ ഗുണഭോക്താക്കളായുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

