പിഎം ശ്രീ എന്ന കേന്ദ്രാവിഷ്കൃത വിദ്യാഭ്യാസ പദ്ധതി കേരളത്തിൽ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ആശങ്കകൾ പരിഹരിക്കാൻ നടപടികളുമായി സംസ്ഥാന സർക്കാർ. പദ്ധതിയുടെ ഭാഗമായി ദേശീയ വിദ്യാഭ്യാസ നയം (NEP) മുന്നോട്ടുവെക്കുന്ന ചില വിവാദപരമായ നിർദേശങ്ങളിൽ ഇളവ് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിന് കത്തെഴുതാൻ മന്ത്രിസഭ തീരുമാനിച്ചു.
വിഷയത്തിൽ പഠനം നടത്തുന്നതിനായി നിയോഗിക്കപ്പെട്ട മന്ത്രിസഭാ ഉപസമിതിയുടെ ശുപാർശ പ്രകാരം, ഒരു മാസത്തിനകം സമഗ്ര റിപ്പോർട്ട് നൽകാനാണ് നിർദേശം നൽകിയിരിക്കുന്നത്.
സംസ്ഥാനത്തെ നിലവിലെ വിദ്യാലയ ഘടനയിൽ മാറ്റം വരുത്തുന്നതിനെതിരെയാണ് സർക്കാർ പ്രധാനമായും ആശങ്ക പ്രകടിപ്പിക്കുന്നത്. നിലവിൽ പ്രീപ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെയുള്ള വിദ്യാഭ്യാസ രീതി പിന്തുടരുന്ന കേരളത്തിൽ, എൻഇപി നിർദേശിക്കുന്ന ഫൗണ്ടേഷൻ, പ്രിപ്പറേറ്ററി, മിഡിൽ സ്റ്റേജ്, സെക്കൻഡറി എന്നിങ്ങനെ തരംതിരിച്ചുള്ള ഘടനാമാറ്റം പെട്ടെന്ന് പ്രായോഗികമല്ലെന്നാണ് സർക്കാരിന്റെ നിലപാട്.
പദ്ധതി നടപ്പിലാക്കുമ്പോൾ പിഎം ശ്രീ സ്കൂളുകൾ എന്ന ബ്രാൻഡിംഗ് ഉൾപ്പെടെയുള്ള വ്യവസ്ഥകളിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്തുമോ എന്ന് ഉറ്റുനോക്കുകയാണ് അധികൃതർ. അതേസമയം, ഈ പദ്ധതിയിൽ നിന്ന് പൂർണ്ണമായും പിന്മാറുന്നത് നിയമപരമായി സാധ്യമാണോ എന്നതിലും സംശയങ്ങളുണ്ട്.
മുന്നണി സർക്കാർ ഇതിൽ നിന്ന് പിന്മാറിയാൽ പ്രതിവർഷം 500 കോടിയിലധികം രൂപയുടെ കേന്ദ്ര വിദ്യാഭ്യാസ ഫണ്ട് നഷ്ടപ്പെടുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മുൻ സർക്കാർ 1158 കോടി രൂപയുടെ എസ്എസ്കെ ഫണ്ട് കേന്ദ്രം തടഞ്ഞുവെച്ച സാഹചര്യത്തിൽ ധാരണാപത്രത്തിൽ ഒപ്പിട്ടെങ്കിലും, പിന്നീട് പദ്ധതി നടപ്പിലാക്കാതെ മരവിപ്പിച്ച നടപടി വലിയ തർക്കങ്ങൾക്ക് വഴിവെച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

