രാജ്യത്ത് പകർച്ചവ്യാധികൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങൾക്ക് കർശന ജാഗ്രതാ നിർദേശവുമായി കേന്ദ്ര സർക്കാർ രംഗത്ത്. ഡെങ്കിപ്പനി, മലേറിയ തുടങ്ങിയ രോഗങ്ങൾക്കെതിരെ അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.
രോഗ പ്രതിരോധം, നിരീക്ഷണം, രോഗനിർണയം, ചികിത്സാ പ്രോട്ടോക്കോളുകൾ എന്നിവയിൽ വീഴ്ച വരുത്തരുതെന്ന് നിർദേശത്തിൽ പറയുന്നു. കൊതുകുജന്യ രോഗങ്ങൾ തടയുന്നതിനായി ശക്തമായ പ്രതിരോധ പ്രവർത്തനങ്ങൾ നടപ്പിലാക്കാനും പൊതുജന അവബോധ കാമ്പെയ്നുകൾ വ്യാപകമാക്കാനും കേന്ദ്ര ആരോഗ്യ മന്ത്രി ജെ പി നദ്ദയുടെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗം തീരുമാനിച്ചു.
സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനം തുടരുകയാണ്. തിരുവനന്തപുരത്ത് എം പോക്സ് സ്ഥിരീകരിച്ചത് ആശങ്ക വർധിപ്പിക്കുന്നു.
കിളിമാനൂർ പുളിമാത്ത് സ്വദേശിയായ 43 കാരനാണ് രോഗം ബാധിച്ചത്. ഈ വർഷം ഇതുവരെ എട്ടുപേർക്കാണ് സംസ്ഥാനത്ത് എം പോക്സ് സ്ഥിരീകരിച്ചത്.
ഇതോടൊപ്പം സംസ്ഥാനത്ത് 19 പേർക്ക് കൂടി ഷിഗെല്ല ബാധ സ്ഥിരീകരിച്ചു. പുതിയ കണക്കുകൾ പ്രകാരം തിരുവനന്തപുരം (2), കൊല്ലം (1), എറണാകുളം (1), തൃശൂർ (3), മലപ്പുറം (1), കോഴിക്കോട് (9), കണ്ണൂർ (2) എന്നിങ്ങനെയാണ് രോഗബാധ.
ജൂൺ മാസം മാത്രം 110 കേസുകൾ റിപ്പോർട്ട് ചെയ്ത സംസ്ഥാനത്ത്, ഈ വർഷം ഇതുവരെ 186 പേർക്കാണ് രോഗം ബാധിച്ചത്. കോഴിക്കോട് (33), വയനാട് (18), തൃശൂർ (9), ആലപ്പുഴ (3) എന്നീ ജില്ലകളിൽ നിലവിൽ ഔട്ബ്രേക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.
മലപ്പുറം (14), തിരുവനന്തപുരം (13), കൊല്ലം (8), ഇടുക്കി (3), എറണാകുളം (2), കണ്ണൂർ (7) എന്നിവിടങ്ങളിലും ജൂണിൽ രോഗബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് ഇന്ന് 68 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു.
തൃശൂർ നാട്ടികയിൽ ഡെങ്കിപ്പനി ബാധിച്ച് ഒരാൾ മരണപ്പെട്ടു. കൂടാതെ, ഒരാൾക്ക് കൂടി അമീബിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

