എക്സാലോജിക് സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) അന്വേഷണം കൂടുതൽ ശക്തമാകുന്നു.
കേസിൽ ലഭ്യമായ മൊഴികളും രേഖകളും വിശദമായി വിശകലനം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. എസ്.എഫ്.ഐ.ഒ നടത്തിയ അന്വേഷണത്തിന്റെ മുഴുവൻ രേഖകളും ഇന്ന് ഇ.ഡിക്ക് ലഭ്യമാകും.
ഈ രേഖകൾ കൂടി പരിശോധിച്ച ശേഷമാകും തുടർനടപടികളിലേക്കും ചോദ്യം ചെയ്യലുകളിലേക്കും ഏജൻസി കടക്കുക. ഈ കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും മകൾ ടി.
വീണയും മാത്രമല്ല, മറ്റ് പ്രമുഖരും നിരീക്ഷണത്തിലാണെന്ന സൂചനയാണ് അന്വേഷണ ഉദ്യോഗസ്ഥരിൽ നിന്ന് ലഭിക്കുന്നത്. സി.എം.ആർ.എൽ അധികൃതരെയും എക്സാലോജിക് ഉടമ ടി.
വീണയെയും ചോദ്യം ചെയ്തതിലൂടെ ചില പ്രാഥമിക തെളിവുകൾ ഇ.ഡിക്ക് ലഭിച്ചിട്ടുണ്ട്. അടുത്തിടെ കൊച്ചി ഓഫീസിൽ വെച്ച് വീണയെ ഏകദേശം 8 മണിക്കൂറോളം ഇ.ഡി ചോദ്യം ചെയ്തിരുന്നു.
എക്സാലോജിക് കമ്പനിക്ക് സി.എം.ആർ.എൽ നൽകിയ 2.78 കോടി രൂപയ്ക്ക് പകരമായി എന്ത് സേവനമാണ് നൽകിയതെന്ന കാര്യത്തിൽ കൃത്യമായ മറുപടി അന്വേഷണ സംഘം തേടുന്നുണ്ട്. കൂടാതെ, ശശിധരൻ കർത്തയുടെ കുടുംബവുമായി ബന്ധപ്പെട്ട
‘എംപവർ ഇന്ത്യ ക്യാപ്പിറ്റൽ ഇൻവെസ്റ്റ്മെന്റ്’ കമ്പനിയിൽ നിന്ന് വാങ്ങിയ 50 ലക്ഷം രൂപയുടെ വായ്പയെക്കുറിച്ചും അന്വേഷണം നടക്കുന്നു. കഴിഞ്ഞ മേയ് 27-ന് തിരുവനന്തപുരം, കണ്ണൂർ, ബംഗളൂരു അടക്കം 10 കേന്ദ്രങ്ങളിൽ ഇ.ഡി നടത്തിയ റെയ്ഡുകളിൽ നിർണായകമായ ഡിജിറ്റൽ തെളിവുകളും ബാങ്ക് രേഖകളും കണ്ടെടുത്തിരുന്നു.
സി.എം.ആർ.എൽ എം.ഡി ശശിധരൻ കർത്തയുടെ കുടുംബാംഗങ്ങളെയും ഉദ്യോഗസ്ഥരെയും ഇ.ഡി നേരത്തെ ചോദ്യം ചെയ്തിരുന്നു. ഇവരുടെ മൊഴികളിലെ വൈരുധ്യങ്ങൾ പരിഹരിക്കാൻ സി.എം.ആർ.എൽ ഉദ്യോഗസ്ഥരെയും വീണയെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനും സാധ്യതയുണ്ട്.
ഇതിനായി വീണയെ വീണ്ടും വിളിപ്പിക്കുമെന്നാണ് സൂചന. സി.എം.ആർ.എല്ലിൽ നിന്ന് എക്സാലോജിക് സ്വീകരിച്ച 2.78 കോടി രൂപ ‘കുറ്റകൃത്യത്തിലൂടെ സമ്പാദിച്ച പണം’ ആണെന്നാണ് ഇ.ഡി സംശയിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട് 242 ബാങ്ക് അക്കൗണ്ടുകളിലായി 18.36 കോടി രൂപ ഇതിനകം മരവിപ്പിച്ചു കഴിഞ്ഞു. വീണയുടെ വ്യക്തിപരമായ സ്വത്തുക്കളുടെയും എക്സാലോജിക്കിന്റെ ആസ്തികളുടെയും വിവരങ്ങൾ ഏജൻസി ശേഖരിച്ചിട്ടുണ്ട്.
പണം വകമാറ്റിയെന്ന് തെളിഞ്ഞാൽ പി.എം.എൽ.എ (PMLA) നിയമപ്രകാരം സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നടപടികൾ ഇ.ഡി സ്വീകരിച്ചേക്കും. അന്വേഷണം ഉന്നത രാഷ്ട്രീയ-ഉദ്യോഗസ്ഥ തലങ്ങളിലേക്കും വ്യാപിപ്പിക്കാൻ ഇ.ഡിക്ക് ആലോചനയുണ്ട്.
കഴിഞ്ഞ 15 വർഷത്തിനിടയിൽ 182 കോടിയോളം രൂപ വ്യാജ ചെലവുകളായി കാണിച്ച് സി.എം.ആർ.എൽ നൽകിയിട്ടുണ്ടെന്നാണ് എസ്.എഫ്.ഐ.ഒ കണ്ടെത്തൽ. കർത്തയുടെ കുടുംബത്തിന്റെ ഡയറിയിൽ പരാമർശിച്ചിട്ടുള്ള മറ്റ് പ്രമുഖരെയും വരും ദിവസങ്ങളിൽ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചേക്കുമെന്നാണ് വിവരം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

