മഹാരാഷ്ട്രയിലെ അംബർനാഥിൽ ഇരുപത്തിയാറുകാരിയായ വിശാഖ എന്ന യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവും ഡോക്ടറുമായ നിതിൻ തിൽകറെ പൊലീസ് അറസ്റ്റ് ചെയ്തു. വിവാഹം കഴിഞ്ഞ് 48 ദിവസം മാത്രം പിന്നിടുമ്പോഴാണ് ദാരുണമായ സംഭവം അരങ്ങേറിയത്.
കഴിഞ്ഞ ഏപ്രിൽ 30-നായിരുന്നു ഇവരുടെ വിവാഹം നടന്നത്. വിവാഹശേഷം ഭർത്താവിന്റെയും കുടുംബത്തിന്റെയും ഭാഗത്തുനിന്ന് കടുത്ത ശാരീരികവും മാനസികവുമായ പീഡനങ്ങളാണ് വിശാഖ നേരിട്ടതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.
വിവാഹ സമയത്ത് ആവശ്യപ്പെട്ടത്ര സ്ത്രീധനം നൽകിയില്ലെന്ന് ആരോപിച്ചായിരുന്നു പീഡനങ്ങൾ ആരംഭിച്ചത്. വീട്ടിൽ നിന്ന് കൂടുതൽ പണവും സ്വർണവും ആവശ്യപ്പെട്ട് യുവതിക്ക് മേൽ നിരന്തരമായ സമ്മർദ്ദം ചെലുത്തിയിരുന്നു.
യുവതിയുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്ന തരത്തിൽ വീടിനുള്ളിലും പുറത്തും നിതിൻ തിൽകർ സിസിടിവി ക്യാമറകൾ സ്ഥാപിച്ചിരുന്നു. വിശാഖയുടെ ഓരോ ചലനവും ഈ ക്യാമറകൾ വഴി നിരീക്ഷിക്കുകയും, അയൽവാസികളുമായി സംസാരിച്ചാൽ പോലും ക്രൂരമായി മർദ്ദിക്കുകയും ചെയ്തിരുന്നു.
ആത്മഹത്യ ചെയ്യുന്നതിന് രണ്ട് ദിവസം മുൻപ്, അയൽപക്കത്തെ ഒരു സ്ത്രീയോട് സംസാരിച്ചതിന്റെ പേരിൽ വിശാഖയ്ക്ക് മർദ്ദനമേറ്റതായി കുടുംബാംഗങ്ങൾ മൊഴി നൽകി. മരണത്തിന് തൊട്ടുമുൻപ് മാതാവിനെ ഫോണിൽ വിളിച്ച് വിശാഖ തന്റെ ദുരിതങ്ങളെക്കുറിച്ച് കരഞ്ഞുകൊണ്ട് സംസാരിച്ചിരുന്നു.
മകളെ സുരക്ഷിതമായി തിരിച്ചുകൊണ്ടുവരാൻ മാതാപിതാക്കൾ ഒരുങ്ങുന്നതിനിടെയാണ് യുവതി ജീവനൊടുക്കിയ വിവരം പുറത്തറിയുന്നത്. ഈ സംഭവത്തിൽ ഭർത്താവ് നിതിൻ തിൽകർ, ഭർതൃമാതാവ് ഛായ, സഹോദരൻ നിനാദ് എന്നിവർക്കെതിരെ മാനസികവും ശാരീരികവുമായ പീഡനം, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങൾ ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്.
ഇതിൽ നിതിൻ തിൽകറെ അറസ്റ്റ് ചെയ്തെങ്കിലും, ഒളിവിൽ പോയ മറ്റ് രണ്ട് പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്. (ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല.
പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം: 1056, 0471- 2552056)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

