തിരുവനന്തപുരം: ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച സംഭവത്തിൽ സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ ഓഫീസിൽ പ്രത്യേക അന്വേഷണ സംഘം (SIT) പരിശോധന നടത്തി. ഡിവൈഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.
അന്വേഷണത്തിന്റെ ഭാഗമായി ഒരു എഡിജിപി ഓഫീസിൽ ഇത്തരത്തിൽ പരിശോധന നടക്കുന്നത് ഇതാദ്യമായാണ്. പരിശോധനയുടെ ഭാഗമായി ഓഫീസിലെ സന്ദർശക രജിസ്റ്ററുകൾ അന്വേഷണ സംഘം പിടിച്ചെടുത്തു.
കൂടാതെ, ഓഫീസിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ക്ലബിലെ നിർണായക രേഖകളും ശേഖരിച്ചിട്ടുണ്ട്. നേരത്തെ കേസ് അന്വേഷിച്ചിരുന്ന സംഘം, എഡിജിപി ഓഫീസിൽ വച്ച് കേസ് രേഖകളിൽ തിരുത്തലുകൾ വരുത്തിയതായി മൊഴി നൽകിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. അതേസമയം, കേസിലെ പ്രതികളായ അഞ്ച് പൊലീസുകാരുടെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ സമർപ്പിച്ച അപ്പീലിൽ ഹൈക്കോടതി വിശദീകരണം തേടി.
ഈ മാസം 27-നകം മറുപടി നൽകാനാണ് കോടതിയുടെ നിർദേശം. അനിൽ കല്ലിയൂർ, സന്ദീപ് എന്നിവരുൾപ്പെടെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാരായ അഞ്ച് ഉദ്യോഗസ്ഥർക്ക് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്നാണ് എസ്ഐടിയുടെ ആവശ്യം.
യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിക്കാൻ ഉപയോഗിച്ച ലാത്തി അടക്കമുള്ള ആയുധങ്ങൾ കണ്ടെടുത്തുവെന്ന് നിരീക്ഷിച്ചാണ് ആലപ്പുഴ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം വർഗീസ് പ്രതികൾക്ക് മുൻകൂർ ജാമ്യം അനുവദിച്ചത്. എന്നാൽ, മർദ്ദനത്തിന് ഉപയോഗിച്ച ലാത്തി കണ്ടെത്തി എന്ന നിരീക്ഷണം വസ്തുതാപരമല്ലെന്ന് എസ്ഐടി കോടതിയിൽ വാദിച്ചു.
അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തിൽ പ്രതികൾക്ക് മുൻകൂർ ജാമ്യം അനുവദിച്ചത് കേസിന്റെ തുടർനടപടികളെ പ്രതികൂലമായി ബാധിക്കുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

