കേരളത്തിൽ ഷിഗെല്ല ബാധയെത്തുടർന്ന് മരണം റിപ്പോർട്ട് ചെയ്തു. മലപ്പുറം സ്വദേശിയായ 75കാരിയാണ് രോഗബാധിതയായി ഇന്നലെ മരണപ്പെട്ടത്.
ഇതിനുപുറമെ, ഇന്ന് 12 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് വ്യക്തമാക്കി. സംസ്ഥാനത്ത് ഡെങ്കിപ്പനി കേസുകളുടെ എണ്ണം 100 കടന്നതായും ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.
നിപ പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട നിരീക്ഷണത്തിൽ നേരിയ ആശ്വാസമുണ്ട്.
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്നവരിൽ ഒരാളെ കൂടി രോഗലക്ഷണങ്ങൾ കുറഞ്ഞതിനെത്തുടർന്ന് ഡിസ്ചാർജ് ചെയ്തു. ഇതുവരെ നിരീക്ഷണത്തിലായിരുന്ന ഒമ്പത് പേരിൽ അഞ്ചുപേർ ആശുപത്രി വിട്ടു; നാല് പേർ തുടർന്നും നിരീക്ഷണത്തിലാണ്.
നിപ ബാധിതനായ രോഗി നിലവിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിലാണ്. രോഗിയുടെ സമ്പർക്കപ്പട്ടികയിലുണ്ടായിരുന്ന ആരോഗ്യപ്രവർത്തകയുടെയും, ആശുപത്രിയിൽ നിരീക്ഷണത്തിലുണ്ടായിരുന്ന ബന്ധുവിന്റെയും പരിശോധനാ ഫലം നെഗറ്റീവ് ആണ്.
നിലവിൽ 104 പേരാണ് സമ്പർക്കപ്പട്ടികയിലുള്ളത്. ഇന്ന് പുതിയതായി ആരെയും പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല.
രോഗവ്യാപനത്തെക്കുറിച്ച് പഠിക്കുന്നതിനായി, നിപ റിപ്പോർട്ട് ചെയ്ത മേഖലയിലെ വളർത്തുമൃഗങ്ങളുടെയും (നായ, പൂച്ച) പ്രദേശത്തെ വവ്വാലുകളുടെ കാഷ്ഠത്തിന്റെയും സാംപിളുകൾ ശേഖരിച്ചിട്ടുണ്ട്. ഇവ പരിശോധനയ്ക്കായി ഭോപാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമൽ ഡിസീസസ് ലാബിലേക്ക് അയച്ചിരിക്കുകയാണ്.
പ്രതിരോധ പ്രവർത്തനങ്ങൾക്കായി എത്തിയ കേന്ദ്ര സംഘം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ ചികിത്സാ വിഭാഗം ഡോക്ടർമാരുമായി കൂടിക്കാഴ്ച നടത്തി. രാമനാട്ടുകര മുൻസിപ്പാലിറ്റി ഡിവിഷൻ 5-ലെ 75 വീടുകളിൽ ആരോഗ്യപ്രവർത്തകർ നേരിട്ടെത്തി പരിശോധന നടത്തി.
സമ്പർക്കപ്പട്ടികയിലുള്ള 95 പേരെ കൺട്രോൾ റൂമിൽ നിന്ന് വിളിച്ച് ആരോഗ്യസ്ഥിതി വിലയിരുത്തി.

