തൃശൂർ ജില്ലയിലെ വടക്കാഞ്ചേരിയിൽ വിദ്യാർഥികളെ ബസിൽ കയറ്റാൻ വിസമ്മതിച്ച സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് അടിയന്തര നടപടി സ്വീകരിച്ചു. വടക്കാഞ്ചേരി-കുന്നംകുളം റൂട്ടിൽ സർവീസ് നടത്തുന്ന മെജോമോൻ ബസിലെ കണ്ടക്ടറെയാണ് അധികൃതർ വിളിച്ചുവരുത്തിയത്.
ഇയാൾക്കെതിരെ നാളെ കർശന നടപടികൾ ഉണ്ടായേക്കും. സംഭവത്തിൽ കണ്ടക്ടറുടെ ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള ശിക്ഷാ നടപടികളിലേക്ക് കടക്കാനാണ് മോട്ടോർ വാഹന വകുപ്പിന്റെ തീരുമാനം.
കൂടാതെ, ഇയാൾക്ക് പ്രത്യേക പരിശീലനം നൽകാനും വകുപ്പ് ആലോചിക്കുന്നുണ്ട്. ബസിലേക്ക് കയറാൻ അനുമതി തേടി വിദ്യാർഥികളിൽ ഒരാൾ കണ്ടക്ടർക്ക് മുന്നിൽ കൈകൂപ്പി അപേക്ഷിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
ഇതിനു പിന്നാലെ പ്രതിഷേധവുമായി എസ്എഫ്ഐ രംഗത്തെത്തി. അഭിജിത്ത് ഗുരുവായൂരിന്റെ നേതൃത്വത്തിൽ വടക്കാഞ്ചേരി പ്രൈവറ്റ് ബസ് സ്റ്റാൻഡിലേക്ക് എസ്എഫ്ഐ പ്രവർത്തകർ മാർച്ച് നടത്തി.
സംഭവസ്ഥലത്ത് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും പരിശോധനയ്ക്കായി എത്തിയിരുന്നു. വടക്കാഞ്ചേരി ക്ലേ ലിയാസ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥികൾക്കാണ് ഈ ദുരനുഭവം നേരിടേണ്ടി വന്നത്.
എന്നാൽ, തന്നെ ബസിൽ കയറ്റാതിരുന്ന കണ്ടക്ടറോട് തനിക്ക് ദേഷ്യമൊന്നുമില്ലെന്നും അദ്ദേഹത്തിനെതിരെ നടപടിയൊന്നും എടുക്കരുതെന്നുമാണ് ബസിൽ കയറാൻ സാധിക്കാതെ പോയ വിദ്യാർഥി പിന്നീട് പ്രതികരിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

