ഫിഫ ലോകകപ്പിൽ നടന്ന ആവേശകരമായ മത്സരത്തിൽ കരുത്തരായ സെനഗലിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി ഫ്രാൻസ് വിജയം സ്വന്തമാക്കി. ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് കളിക്ക് ജീവൻ വെച്ചത്.
ഫ്രാൻസിനായി നായകൻ കിലിയൻ എംബാപ്പെ രണ്ട് ഗോളുകൾ നേടിയപ്പോൾ, പകരക്കാരനായി ഇറങ്ങിയ ബ്രാഡ്ലി ബാർകോള ടീമിന്റെ പട്ടിക പൂർത്തിയാക്കി. 18 കാരനായ ഇബ്രാഹിം എംബായെ ആണ് സെനഗലിന്റെ ആശ്വാസ ഗോൾ കണ്ടെത്തിയത്.
മത്സരത്തിന്റെ ആദ്യ പകുതിയിൽ സെനഗൽ ഫ്രഞ്ച് പ്രതിരോധത്തെ വിറപ്പിക്കുന്ന കാഴ്ചയാണ് കണ്ടത്. നിക്കോളാസ് ജാക്സന്റെ ഒരു മികച്ച ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങിയതും, പകുതിക്ക് തൊട്ടുമുമ്പ് ഇസ്മായില സാറിന് ലഭിച്ച സുവർണ്ണാവസരം നഷ്ടമായതും സെനഗലിന് വലിയ തിരിച്ചടിയായി.
61-ാം മിനിറ്റിൽ സാഡിയോ മാനെ ഫൗൾ ചെയ്തുവെന്നാരോപിച്ച് ഫ്രാൻസ് പെനൽറ്റിക്കായി വാദിച്ചെങ്കിലും വാർ പരിശോധനയിൽ റഫറി അത് നിഷേധിച്ചു. തുടർന്ന് 66-ാം മിനിറ്റിൽ മൈക്കൽ ഒലീസെ നൽകിയ ത്രൂ പാസ് സ്വീകരിച്ച് എംബാപ്പെ ഫ്രാൻസിനെ മുന്നിലെത്തിച്ചു.
ഈ ഗോളോടെ ഒലിവിയർ ജിറൂഡിന്റെ 57 ഗോളുകളെന്ന റെക്കോർഡിനൊപ്പം എംബാപ്പെ എത്തി. പരിശീലകൻ ദിദിയർ ദെഷാംപ്സ് വരുത്തിയ മാറ്റങ്ങൾ ഫ്രാൻസിന് ഗുണകരമായി.
82-ാം മിനിറ്റിൽ അഡ്രിയാൻ റാബിയോട്ടിന്റെ അസിസ്റ്റിൽ നിന്ന് ഗോൾകീപ്പർ എഡ്വേർഡ് മെൻഡിയെ കാഴ്ചക്കാരനാക്കി ബ്രാഡ്ലി ബാർകോള ലീഡ് രണ്ടാക്കി ഉയർത്തി. ഇഞ്ചുറി ടൈമിൽ (90+5′) ചൗമേനിയെ മറികടന്ന് ഇബ്രാഹിം എംബായെ സെനഗലിനായി ഗോൾ മടക്കിയെങ്കിലും, ഒരു മിനിറ്റിനുള്ളിൽ (90+6′) ദൂരെയടിയിൽ നിന്ന് ഗോളടിച്ചുകൊണ്ട് എംബാപ്പെ ഫ്രാൻസിന്റെ ജയം ഉറപ്പിച്ചു.
ഈ ഗോളോടെ 58 അന്താരാഷ്ട്ര ഗോളുകളുമായി ഫ്രാൻസിന്റെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനായി എംബാപ്പെ മാറി. ഒപ്പം ലോകകപ്പിൽ 14 ഗോളുകളെന്ന ലയണൽ മെസിയുടെ നേട്ടത്തിനൊപ്പവും താരം എത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

