കോട്ടയം: പ്രമുഖ ധ്യാനഗുരുവും ക്രൈസ്തവ ഭക്തിഗാന രചയിതാവുമായ ഫാ. മൈക്കിൾ പനച്ചിക്കൽ അന്തരിച്ചു.
77 വയസ്സായിരുന്നു. മലയാള ക്രൈസ്തവ സംഗീത ശാഖയിൽ നിർണ്ണായക സംഭാവനകൾ നൽകിയ അദ്ദേഹം എഴുനൂറിലധികം ഭക്തിഗാനങ്ങളുടെ രചയിതാവാണ്.
“തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍ നാവെനിക്കെന്തിന് നാഥാ…” ഉൾപ്പെടെയുള്ള ജനപ്രിയ ഗാനങ്ങൾ അദ്ദേഹത്തിന്റെ തൂലികയിൽ നിന്നും പിറന്നവയാണ്. ആത്മീയ മേഖലയിൽ ദീർഘകാലം സജീവമായിരുന്ന അദ്ദേഹം വിവിധ സുപ്രധാന ചുമതലകൾ വഹിച്ചിട്ടുണ്ട്.
പോപ്പുലര്‍ മിഷന് ഡയറക്ടര്‍, അടിച്ചിറ പരിത്രാണ ധ്യാനകേന്ദ്ര ഡയറക്ടര്‍, കട്ടപ്പന കൃപാലയ റിട്രീറ്റ് സെന്റർ ഡയറക്ടര്‍ എന്നീ നിലകളിൽ അദ്ദേഹം മികച്ച സേവനം കാഴ്ചവെച്ചു. കൂടാതെ, അസിസ്റ്റന്റ് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയർ എന്ന നിലയിലും അദ്ദേഹം സഭയിൽ പ്രവർത്തിച്ചിട്ടുണ്ട്.
പരേതന്റെ സംസ്കാര ശുശ്രൂഷകൾ വ്യാഴാഴ്ച കോട്ടയം അടിച്ചിറ പരിത്രാണ ധ്യാനകേന്ദ്രത്തിൽ വെച്ച് നടക്കും.

