ഇന്ത്യ മുന്നണിയുടെ നിലനിൽപ്പിനെ ബാധിക്കുന്ന തരത്തിൽ കോൺഗ്രസ് നേതൃത്വവും രാഹുൽ ഗാന്ധിയും സ്വീകരിക്കുന്ന നിലപാടുകളെ ചോദ്യം ചെയ്ത് ഡിഎംകെ മുഖപത്രമായ ‘മുരശൊലി’. രാഹുൽ ഗാന്ധിക്ക് രാഷ്ട്രീയ പക്വതയില്ലെന്നും അദ്ദേഹം വിശ്വാസയോഗ്യനായ നേതാവല്ലെന്നും മുഖപ്രസംഗത്തിൽ വിമർശനം ഉന്നയിക്കുന്നു.
“രാഹുൽ ഗാന്ധി ചതിയനും സത്യസന്ധയില്ലാത്ത നേതാവും” എന്നാണ് മുഖപത്രം വിശേഷിപ്പിച്ചത്. തമിഴ്നാട്ടിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഡിഎംകെ നേതൃത്വവുമായി കൂടിയാലോചനകൾ നടത്താതെ, ഭരണകക്ഷിയായ ടിവികെയുമായി (തമിഴക വെട്രി കഴകം) കോൺഗ്രസ് സഹകരിച്ചത് രാഹുൽ ഗാന്ധിയുടെ നേരിട്ടുള്ള അറിവോടെയും ആശീർവാദത്തോടെയുമാണെന്ന് ലേഖനം ആരോപിക്കുന്നു.
ഇത് ഡിഎംകെയോടുള്ള വഞ്ചനയാണെന്നാണ് പാർട്ടി നേതൃത്വത്തിന്റെ വിലയിരുത്തൽ. ഒരു വശത്ത് “ഇന്ത്യസഖ്യത്തിലെ പാർട്ടികൾ ഒരുമിച്ച് നിൽക്കണമെന്ന്” രാഹുൽ ഗാന്ധി ആവർത്തിക്കുമ്പോഴും, മറുവശത്ത് സഖ്യത്തിന്റെ കെട്ടുറപ്പിനെ തകർക്കുന്ന പ്രവർത്തനങ്ങളാണ് അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്ന് മുരശൊലി കുറ്റപ്പെടുത്തുന്നു.
സഖ്യത്തിന്റെ തകർച്ചയ്ക്ക് പൂർണ്ണ ഉത്തരവാദി രാഹുൽ ഗാന്ധിയാണെന്നും മുഖപ്രസംഗത്തിൽ പരാമർശമുണ്ട്. അതേസമയം, കോൺഗ്രസ് സഹകരിക്കുന്ന ടിവികെ, തങ്ങൾ ‘ഇന്ത്യ’ മുന്നണിയുടെ ഭാഗമല്ലെന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.
ഈ സാഹചര്യത്തിൽ കോൺഗ്രസിന്റെ ഇരട്ടത്താപ്പിനെതിരെയാണ് ഡിഎംകെ ഇപ്പോൾ പരസ്യമായി രംഗത്തെത്തിയിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

