ഡൽഹിയിലെ കിദ്വായ് നഗർ ഈസ്റ്റ് നിവാസിയായ 27 വയസ്സുകാരിയെ മുസ്സൂറിയിലെ ഹോംസ്റ്റേയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഗുരുഗ്രാമിലെ ഐടി കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്ന പി.
രാധാ ഗായത്രി ആണ് ദാരുണമായി അന്തരിച്ചത്. ഭർത്താവിനൊപ്പം അവധിക്കാലം ആഘോഷിക്കാനായി എത്തിയതായിരുന്നു യുവതി.
സംഭവത്തെക്കുറിച്ച് പോലീസ് നൽകുന്ന വിവരങ്ങൾ ഇങ്ങനെ: പൂനെയിലെ ഐടി ജീവനക്കാരനായ ഭർത്താവ് സൗമ്യ ശ്രീചരൺ ഒപ്പമുണ്ടായിരുന്നു. ദമ്പതികൾ ജൂൺ 13-നാണ് ഡൽഹിയിൽ നിന്ന് ഋഷികേശിലെത്തിയത്.
തുടർന്ന് ജൂൺ 14 ഞായറാഴ്ച രാത്രി 11:30-ഓടെ മുസ്സൂറി-ധനോൾട്ടി റോഡിലുള്ള ‘കിയാന ഹോംസ്റ്റേ’-യിലെ ‘ബ്ലിസ്’ എന്ന മുറിയിൽ ഇവർ താമസത്തിന് എത്തി. തിങ്കളാഴ്ച രാവിലെ യുവതിയെ അബോധാവസ്ഥയിൽ കണ്ടെത്തിയെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
പോലീസിനോട് ഭർത്താവ് സൗമ്യ ശ്രീചരൺ നൽകിയ മൊഴി പ്രകാരം, ഞായറാഴ്ച രാത്രി ഇരുവരും ഒന്നിച്ച് മദ്യപിച്ച ശേഷം പുലർച്ചെ 3:30 ഓടെയാണ് ഉറങ്ങാൻ കിടന്നത്. രാവിലെ ഉണർന്നപ്പോൾ ഭാര്യ മൂക്കിൽ നിന്ന് ചോരയൊലിച്ച്, അബോധാവസ്ഥയിൽ കിടക്കുന്നതാണ് കണ്ടത്.
യുവതിയുടെ മൃതദേഹം വസ്ത്രങ്ങളില്ലാത്ത നിലയിൽ മുറിയുടെ തറയിലാണ് കണ്ടെത്തിയത്. കിടക്കവിരിയിൽ രക്തക്കറകൾ ഉണ്ടായിരുന്നു.
മുറിയിൽ നിന്ന് രണ്ട് ഒഴിഞ്ഞ മദ്യക്കുപ്പികളും ഭക്ഷണസാധനങ്ങളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. വിശാഖപട്ടണം സ്വദേശികളായ ഇവർ 2025 നവംബർ 8-നാണ് വിവാഹിതരായത്.
തുടർനടപടികളുടെ ഭാഗമായി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഡെറാഡൂണിലെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ യുവതിയുടെ മാതാപിതാക്കളെ വിവരം അറിയിച്ചിട്ടുണ്ടെന്നും, പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണത്തിൽ വ്യക്തത വരികയുള്ളൂവെന്നും പോലീസ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

