ഹോർമുസ് കടലിടുക്ക് ഭാഗികമായോ പൂർണ്ണമായോ തുറന്നുകൊടുത്താലും, ആഗോള കപ്പൽ ഗതാഗതം പൂർവ്വസ്ഥിതിയിലാകാൻ ആഴ്ചകളോളം സമയം വേണ്ടിവരുമെന്ന് വിലയിരുത്തപ്പെടുന്നു. ഇറാൻ ഈ മേഖലയിൽ സ്ഥാപിച്ചിരിക്കുന്ന മൈനുകൾ പൂർണ്ണമായി നിർവീര്യമാക്കിയാൽ മാത്രമേ വാണിജ്യ-യാത്രാ കപ്പലുകൾക്ക് സുഗമമായി സഞ്ചരിക്കാൻ സാധിക്കുകയുള്ളൂ.
ഷിപ്പിങ് നിരക്കുകളിൽ മാറ്റങ്ങൾ കടലിടുക്കിലെ ഗതാഗതം സാധാരണ നിലയിലായാൽ നിലവിലെ ചരക്ക് നീക്കത്തിലെ അനിശ്ചിതത്വം അവസാനിക്കും. നിലവിൽ പശ്ചിമേഷ്യൻ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ, ‘വാർ റിലേറ്റഡ് റിസ്ക് സർചാർജ്’ എന്ന പേരിൽ ദുബായ് തുറമുഖത്തേക്കുള്ള 20 അടി കണ്ടെയ്നറിന് 2000 ഡോളർ വരെ അധിക തുക ഈടാക്കിയിരുന്നു.
ഈ സാഹചര്യത്തിന് അയവ് വരുന്നതോടെ നിരക്കുകളിൽ കുറവുണ്ടാകുമെന്ന് കരുതപ്പെടുന്നു. കയറ്റുമതി വ്യാപാരികൾക്ക് വലിയ സാമ്പത്തിക ബാധ്യത വരുത്തുന്ന ഡിറ്റൻഷൻ, ഡെമറേജ് നിരക്കുകൾ ഒഴിവാകുന്നതും ഇൻഷുറൻസ് പ്രീമിയത്തിലെ കുറവും വ്യവസായ മേഖലയ്ക്ക് ആശ്വാസമാകും.
എന്നിരുന്നാലും, ഈ നിരക്കുകൾ പഴയ നിലയിലേക്ക് മാറാൻ കുറഞ്ഞത് മൂന്നാഴ്ചയെങ്കിലും കാത്തിരിക്കേണ്ടി വരും. വിതരണ ശൃംഖലയിലെ തടസ്സങ്ങൾ ഹോർമുസിലെ സ്തംഭനം മൂലം നിർത്തിവെച്ച കൊച്ചി തുറമുഖത്തു നിന്നുള്ള രണ്ട് കപ്പൽ സർവീസുകൾ ഉടൻ പുനരാരംഭിക്കാൻ സാധ്യതയുണ്ട്.
പശ്ചിമേഷ്യയിലേക്കും തിരിച്ചും നീങ്ങേണ്ട ആയിരക്കണക്കിന് കണ്ടെയ്നറുകൾ വിവിധ തുറമുഖങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ്.
സംഘർഷാവസ്ഥയെ തുടർന്ന് കപ്പലുകൾ വഴിതിരിച്ചുവിട്ടത് മുംബൈയിലെ ജെഎൻപിടി, ഗുജറാത്തിലെ മുന്ദ്ര തുടങ്ങിയ ഇന്ത്യയിലെ പടിഞ്ഞാറൻ തുറമുഖങ്ങളിൽ വലിയ തിരക്കിന് കാരണമായിരുന്നു. ഗതാഗതം പുനഃസ്ഥാപിക്കപ്പെടുന്നതോടെ ഈ തുറമുഖങ്ങളിലെ തിരക്ക് കുറയുമെന്നും വിതരണ ശൃംഖല വീണ്ടും സജീവമാകുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

