മഹാരാഷ്ട്രയിലെ സോളാപ്പൂർ ബസ് സ്റ്റാൻഡിൽ വെച്ച് മലയാളി വയോധികനെ മോഷ്ടാക്കളുടെ സംഘം മർദ്ദിച്ച് കൊലപ്പെടുത്തി. കോയമ്പത്തൂരിൽ താമസമാക്കിയിരുന്ന കൃഷ്ണപ്രസാദ് വി (62) ആണ് ദാരുണമായി കൊല്ലപ്പെട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. സത്താരയിലേക്ക് യാത്ര ചെയ്യുകയായിരുന്ന കൃഷ്ണപ്രസാദ്, പുലർച്ചെ 2:30 ഓടെയാണ് സോളാപ്പൂർ സെൻട്രൽ ബസ് സ്റ്റാൻഡിൽ എത്തിയത്.
ബസ് സ്റ്റാൻഡിലെ ശുചിമുറിയിലേക്ക് പോകുന്നതിനിടെ പ്രതികൾ അദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു. മോഷണശ്രമത്തിനിടെ ഉണ്ടായ ആക്രമണത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കൃഷ്ണപ്രസാദ് സംഭവസ്ഥലത്ത് വെച്ചുതന്നെ മരണപ്പെട്ടു.
യാത്രക്കാരെ ലക്ഷ്യമിട്ട് നേരത്തെ തന്നെ ബസ് സ്റ്റാൻഡിൽ തമ്പടിച്ചിരുന്ന സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് വ്യക്തമാക്കി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ പ്രതികളെ അതിവേഗം പിടികൂടാൻ പോലീസിന് സാധിച്ചു.
സോളാപ്പൂർ പോലീസ് കമ്മീഷണറുടെ പ്രത്യേക നിർദ്ദേശത്തെ തുടർന്നായിരുന്നു അന്വേഷണം ഊർജ്ജിതമാക്കിയത്. പിടിയിലായവരിൽ 21 വയസ്സുള്ള കുനാൽ കാംബ്ലെ, അമൻ സുധാകർ എന്നിവരും പ്രായപൂർത്തിയാകാത്ത മറ്റൊരു വ്യക്തിയും ഉൾപ്പെടുന്നു.
ഇവർക്ക് ക്രിമിനൽ പശ്ചാത്തലമുള്ളതായി പോലീസ് അറിയിച്ചു. വർഷങ്ങൾക്ക് മുമ്പ് സത്താരയിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്ന കൃഷ്ണപ്രസാദ്, തൻ്റെ പ്രൊവിഡൻസ് ഫണ്ടുമായി ബന്ധപ്പെട്ട
ആവശ്യങ്ങൾക്കായാണ് സത്താരയിലേക്ക് യാത്ര തിരിച്ചത്.

