മെക്സിക്കോയിലെ മോണ്ടെറെ സ്റ്റേഡിയത്തിൽ നടന്ന ഫിഫ ലോകകപ്പ് ഗ്രൂപ്പ് എഫ് മത്സരത്തിൽ ടുണീഷ്യയെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് പരാജയപ്പെടുത്തി സ്വീഡൻ ഉജ്ജ്വല വിജയം സ്വന്തമാക്കി. ആക്രമണ ഫുട്ബോളിന്റെ മികച്ച പ്രകടനമാണ് സ്വീഡിഷ് നിര മൈതാനത്ത് പുറത്തെടുത്തത്.
മത്സരത്തിന്റെ തുടക്കം മുതൽ സ്വീഡൻ കളിയിൽ ആധിപത്യം പുലർത്തി. ഏഴാം മിനിറ്റിൽ ടുണീഷ്യൻ ഗോൾകീപ്പർക്ക് സംഭവിച്ച പിഴവ് മുതലെടുത്ത് യാസിൻ അയാരി തൊടുത്ത ലോങ് റേഞ്ചറിലൂടെ സ്വീഡൻ അക്കൗണ്ട് തുറന്നു.
മുപ്പതാം മിനിറ്റിൽ കൗണ്ടർ അറ്റാക്കിലൂടെ പന്തുമായി കുതിച്ച അലക്സാണ്ടർ ഇസാക് ബോക്സിന് പുറത്തുനിന്നുള്ള മനോഹരമായ ഷോട്ടിലൂടെ ലീഡ് രണ്ടാക്കി ഉയർത്തി. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ഒമർ റെകിക് ഹെഡ്ഡറിലൂടെ ഒരു ഗോൾ മടക്കിയതോടെ മത്സരം ആവേശത്തിലായി.
രണ്ടാം പകുതിയിൽ കൂടുതൽ കരുത്തോടെയാണ് സ്വീഡൻ തിരിച്ചെത്തിയത്. 59-ാം മിനിറ്റിൽ ഇസാക്കിന്റെ പാസിൽ നിന്ന് വിക്ടർ ഗ്യോകെറസ് മൂന്നാം ഗോൾ നേടി.
84-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങി വെറും 17 സെക്കന്റുകൾക്കുള്ളിൽ മാറ്റിയാസ് സ്വാൻബെർഗ് നാലാം ഗോൾ സ്വന്തമാക്കി. വാർ (VAR) പരിശോധനയ്ക്ക് ശേഷമാണ് ഈ ഗോൾ അനുവദിച്ചത്.
മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ (90+5′) യാസിൻ അയാരി തന്റെ രണ്ടാം ഗോളും നേടിയതോടെ സ്വീഡൻ വിജയം ഉറപ്പിച്ചു. മത്സരത്തിൽ ഒരു ഗോളും രണ്ട് അസിസ്റ്റുമായി മികച്ച പ്രകടനം കാഴ്ചവെച്ച അലക്സാണ്ടർ ഇസാക് ആണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.
ഈ വിജയത്തോടെ ഗ്രൂപ്പ് എഫിൽ നെതർലൻഡ്സിനെയും ജപ്പാനെയും പിന്നിലാക്കി സ്വീഡൻ ഒന്നാം സ്ഥാനത്തേക്ക് മുന്നേറി. ഗ്രൂപ്പിലെ വരും മത്സരങ്ങളിൽ ജപ്പാനും നെതർലൻഡ്സുമാണ് സ്വീഡന്റെ എതിരാളികൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

