ആലുവ മേഖലയിൽ നിരന്തരമായി ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന യുവാവിനെ കാപ്പ (KAPPA) നിയമപ്രകാരം തടവിലാക്കി. ആലുവ പൈപ്പ്ലൈൻ റോഡിലെ ഫ്രണ്ട്ഷിപ് ഹൗസിന് സമീപം താമസിക്കുന്ന വിഷ്ണു(38) ആണ് വിയ്യൂർ സെൻട്രൽ ജയിലിലടയ്ക്കപ്പെട്ടത്.
സംഭവത്തിൻ്റെ പശ്ചാത്തലം ഇങ്ങനെ: കഴിഞ്ഞ ഏപ്രിൽ അവസാനം ആലുവ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപം വെച്ച്, പ്രതിയും കൂട്ടാളിയും ചേർന്ന് ബസിന് മുൻപിൽ സ്കൂട്ടർ നിർത്തിയിട്ട് ഗതാഗത തടസ്സം സൃഷ്ടിക്കുകയുണ്ടായി. ഇത് ചോദ്യം ചെയ്ത ബസ് ഡ്രൈവറെ സ്കൂട്ടറിൻ്റെ താക്കോൽ ഉപയോഗിച്ച് പ്രതി മുഖത്ത് കുത്തി പരിക്കേൽപ്പിച്ചു.
അക്രമം തടയാൻ ശ്രമിച്ച മറ്റൊരു ബസ് ജീവനക്കാരനെയും ഇയാൾ ആക്രമിക്കുകയും ബസിൻ്റെ ഗ്ലാസ് തല്ലിത്തകർക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിൽ ആലുവ ഈസ്റ്റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസാണ് നടപടിക്ക് ആധാരം.
എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി കെ.എസ്. സുദർശൻ സമർപ്പിച്ച റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ പ്രിയങ്ക ജി ആണ് പ്രതിക്കെതിരെ കാപ്പ ചുമത്തി ഉത്തരവ് പുറപ്പെടുവിച്ചത്.
2021-ന് ശേഷം ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷൻ പരിധിയിൽ മാത്രം മൂന്ന് വധശ്രമ കേസുകളിലും മറ്റ് വിവിധ അക്രമ കേസുകളിലും ഇയാൾ പ്രതിയാണ്. ആലുവ ഈസ്റ്റ് പൊലീസ് ഇൻസ്പെക്ടർ കെ.ജി.
ഗോപകുമാർ, സബ് ഇൻസ്പെക്ടർ ജോസി എം. ജോൺസൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ എം.വി.
ബിനോയ്, അൻവർ ഹുസൈൻ, സിവിൽ പൊലീസ് ഓഫീസർമാരായ അരവിന്ദ് വിജയൻ, എം.എസ്. അഭിലാഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഈ വർഷം മാത്രം എറണാകുളം റൂറൽ ജില്ലയിൽ ക്രിമിനൽ പശ്ചാത്തലമുള്ള 14 പേർക്കെതിരെയാണ് കാപ്പ നിയമപ്രകാരം നടപടി സ്വീകരിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

