അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനകളുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളിൽ അന്വേഷണം നടത്തുന്നതിനായി ഉത്തർപ്രദേശ് സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ (SIT) രൂപീകരിച്ചു. ലക്നൗ ഡിവിഷണൽ കമ്മീഷണർ വിജയ് വിശ്വാസ് പന്ത് (IAS) നേതൃത്വം നൽകുന്ന ഈ സമിതിയിൽ ലക്നൗ റേഞ്ച് ഐജി കിരൺ എസ്, ധനകാര്യ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി നീൽരത്തൻ കുമാർ എന്നിവരാണ് അംഗങ്ങളായിട്ടുള്ളത്.
അന്വേഷണത്തിന്റെ പ്രാഥമിക റിപ്പോർട്ട് ഒരാഴ്ചയ്ക്കകവും അന്തിമ റിപ്പോർട്ട് 15 ദിവസത്തിനകവും സമർപ്പിക്കണമെന്നാണ് സർക്കാരിന്റെ കർശന നിർദ്ദേശം. ക്ഷേത്രത്തിലെ കാണിക്കവഞ്ചികളിൽ നിന്ന് പണം തിരിമറി നടത്തിയെന്ന ആരോപണം ഉയർന്ന സാഹചര്യത്തിലാണ് സർക്കാർ നടപടി സ്വീകരിച്ചത്.
നേരത്തെ, ക്ഷേത്ര നടത്തിപ്പുകാരായ ശ്രീ രാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് ആഭ്യന്തരതലത്തിൽ അന്വേഷണം നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി സംശയിക്കപ്പെടുന്നവരെ ചോദ്യം ചെയ്യുകയും നഷ്ടപ്പെട്ട
തുക തിരിച്ചുപിടിക്കാൻ നടപടികൾ ആരംഭിക്കുകയും ചെയ്തിരുന്നു. പൊതുജനരോഷം ശക്തമായതോടെയാണ് വിഷയം സർക്കാർ തലത്തിൽ അന്വേഷിക്കാൻ ട്രസ്റ്റ് തീരുമാനിച്ചത്.
തുടർനടപടികളുടെ ഭാഗമായി, സംഭാവന ശേഖരണവുമായി ബന്ധപ്പെട്ട രേഖകൾ SIT സംഘം നേരിട്ടെത്തി പരിശോധിക്കും.
ഇതുവരെ ലഭിച്ച തെളിവുകൾ ശേഖരിക്കുന്നതിനൊപ്പം, സംഭാവന കൈകാര്യം ചെയ്തിരുന്ന രീതിയും സമിതി വിലയിരുത്തും. നിലവിൽ, സംഭാവന വിഭാഗത്തിൽ ജോലി ചെയ്തിരുന്ന മുഴുവൻ ജീവനക്കാരും നിരീക്ഷണത്തിലാണ്.
ഈ വിഷയം വലിയ രാഷ്ട്രീയ ചർച്ചകൾക്കും വഴിവെച്ചിരുന്നു. സംഭാവനകളിൽ വൻ തുക നഷ്ടപ്പെട്ടതായി ആരോപിച്ച് സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് രംഗത്തെത്തുകയും കോടതി സ്വമേധയാ കേസെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ബിജെപി എംപി ബ്രിജ് ഭൂഷൺ ചരൺ സിങ് ഈ ആരോപണങ്ങളെ ശരിവെക്കുകയും ചെയ്തു. കൂടാതെ, ട്രസ്റ്റിന്റെ വരവുചെലവ് കണക്കുകളും ആസ്തിവിവരങ്ങളും പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് മുതിർന്ന ബിജെപി നേതാവ് രജ്നീഷ് സിങ് പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.
ഹൈക്കോടതി ജഡ്ജിയുടെ മേൽനോട്ടത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന ആവശ്യവുമായി കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ അജയ് റായ് കൂടി രംഗത്തെത്തിയതോടെ വിഷയം കൂടുതൽ സങ്കീർണ്ണമായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

